play-sharp-fill
തുഷാറിന് കൂടുതൽ കുടുക്കായി വണ്ടിച്ചെക്ക് കേസ്: ഒത്തു തീർപ്പ് ശ്രമങ്ങൾ വീണ്ടും പാളി; പണം നൽകാതെ ഒത്തു തീർക്കാൻ തുഷാർ; വഴങ്ങാതെ നാസിൽ

തുഷാറിന് കൂടുതൽ കുടുക്കായി വണ്ടിച്ചെക്ക് കേസ്: ഒത്തു തീർപ്പ് ശ്രമങ്ങൾ വീണ്ടും പാളി; പണം നൽകാതെ ഒത്തു തീർക്കാൻ തുഷാർ; വഴങ്ങാതെ നാസിൽ

സ്വന്തം ലേഖകൻ

അബുദാബി: ദുബായിയിൽ വണ്ടിച്ചെക്ക് കേസിൽ കുടുങ്ങി ജയിലിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് കൂടുതൽ കുടുക്കായി ഒത്തു തീർപ്പ് ചർച്ചകൾ വൈകുന്നു. തിങ്കളാഴ്ച കേസ് കോടതിയിൽ എത്തും മുൻപ് ഒത്തു തീർപ്പ് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാനായിരുന്നു ആദ്യ ശ്രമങ്ങൾ. എന്നാൽ, ഇത് വൈകുന്നതിനാൽ തുഷാറിന്റെ നാട്ടിലേയ്ക്കുള്ള മടങ്ങി വരവ് ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
19 കോടിരൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്ന് തുഷാറിന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയാണ് പരാതി നൽകിയത്. കേസ് കോടതിക്ക് പുറത്തു വച്ചുതീർക്കാമെന്നായിരുന്നു ഇരുകൂട്ടരുടേയും തീരുമാനിച്ചതെങ്കിലും പിന്നീട് നാസിൽ ഇതിൽ നിന്നും പിന്മാറുകയായിരുന്നു.മധ്യസ്ഥരില്ലാതെ ചർച്ചയില്ല എന്ന നിലപാടിലാണിപ്പോൾ ഇരുപക്ഷവും.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് നാസിലിന്റെ പരാതിയിൽ തുഷാറിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസർക്കാരും ഇടപെട്ടതിനെത്തുടർന്ന് പ്രവാസി വ്യവസായിയായ എം.എ യൂസഫലിയാണ് തുഷാറിനെ ജാമ്യത്തിലിറക്കിയത്. 1.95 കോടി രൂപയാണ് ജാമ്യ തുകയായി യൂസഫി കെട്ടിവച്ചത്. എന്നാൽ തുഷാറിന്റെ പാസ്പോർട്ട് പോലീസ് പിടിച്ചുവച്ചതിനാൽ അദ്ദേഹത്തിന് യു.എ.ഇ വിടാനാകില്ല. ഇതോടെയാണ് കേസ് ഒത്തു തീർക്കാൻ തീരുമാനിച്ചത്. എന്നാൽ മധ്യസ്ഥർ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ചർച്ചകൾ നടന്നില്ല. മധ്യസ്ഥ ധാരണ തുഷാർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നാസിൽ പിന്മാറുകയായിരുന്നു.
തുഷാറിന്റെ വാക്കുകളിൽ ഉള്ളതും ഇതിന്റെ സൂചനയാണ്. നാസിൽ അബ്ദുല്ലയുമായി തെറ്റിദ്ധാരണയെല്ലാം നീങ്ങി. സാമ്പത്തിക ഇടപാടുകൾ ഇല്ലാതെ തന്നെ എല്ലാം രമ്യമായി പരിഹരിക്കുമെന്നും ബി.ഡി.ജെ.എസ്. നേതാവ് വിശദീകരിച്ചു. ഇത് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ചെക്ക് കേസിൽ കുടുങ്ങിയപ്പോഴും സംഭവിച്ചത്. അന്നും പണമൊന്നും കൊടുക്കാതെ പരാതിക്കാരനെ വശത്താക്കിയെന്നാണ് വിശദീകരിച്ചത്. എന്നാൽ ബിനോയ് പണം നൽകിയാണ് കേസ് അവസാനിപ്പിച്ചതെന്നും വ്യക്തമായ സത്യമായിരുന്നു. തുഷാറും പണം കൊടുക്കും. നാസിൽ കേസ് പിൻവലിക്കുകയും ചെയ്യും. എന്നാൽ പുറത്ത് പണം ഇടപാടിന്റെ കാര്യങ്ങൾ പറയില്ല. ഇതാണ് ദുബായിൽ തയ്യാറാകുന്ന ഒത്തു തീർപ്പ്.
തുഷാർ വെള്ളാപ്പള്ളിയിൽനിന്ന് ഒമ്പത് ദശലക്ഷം ദിർഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്ന് കാണിച്ചാണ് തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള അജ്മാൻ പൊലീസിൽ പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ദുബായിൽ തുഷാർ അറസ്റ്റിലാവുന്നത്. വ്യാഴാഴ്ച അജ്മാൻ കോടതിയിൽ ജാമ്യംനേടി പുറത്തുവന്ന തുഷാർ ചെക്കുകേസുമായി നാസിൽ ഉന്നയിച്ച പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, കമ്പനിയും ബിസിനസും തകരാൻ തുഷാറിന്റെ നടപടികളാണ് കാരണമെന്ന് നാസിലും പരാതിപ്പെട്ടിരുന്നു. ഇതിന് തെളിവും നൽകി. ഇതോടെയാണ് ഒത്തുതീർപ്പ് ചർച്ച തുടങ്ങിയത്. കിട്ടാനുള്ള പണം തിരിച്ചു നൽകാൻ ഗൾഫിലെ പ്രവാസി വ്യവസായികളിൽ പ്രമുഖനും സമ്മതിച്ചിട്ടുണ്ട്. ഈ തുക നാട്ടിൽ വ്യവസായിക്ക് തുഷാറിന് വേണ്ടി അച്ഛൻ വെള്ളാപ്പള്ളി കൈമാറുമെന്നാണ് സൂചന. അങ്ങനെയാണ് കേസ് ഒത്തുതീർപ്പിലെത്തുന്നതിന് നേരത്തെ ധാരണയായിരുന്നത്. എന്നാൽ, ഈ നടപടികൾ വൈകിയതാണ് വീണ്ടും തുഷാറിന്റെ തിരിച്ച് വരവ് തുലാസിലാക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് നാസിൽ. അതുകൊണ്ട് തന്നെ നാട്ടിൽ പോലും പോകാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പണം കിട്ടിയാൽ തുഷാർ പറയുന്ന തരത്തിൽ ഒത്തുതീർപ്പിന് നാസിലും തയ്യാറാകും. രാഷ്ട്രീയ ഭാവി കൂടി കണക്കിലെടുത്താണ് തുഷാർ ഇത്തരത്തിലൊരു നീക്കത്തിന് ശ്രമിക്കുന്നത്. നാസിലിന് ബിസിനസിൽ കുറെ പ്രശ്‌നങ്ങളുണ്ടായി. അറസ്റ്റ് സംബന്ധിച്ച് എന്റെ വിശദീകരണങ്ങൾ മാധ്യമങ്ങളിൽക്കണ്ട് നാസിൽ എന്നെ വിളിച്ചു. പിന്നീട് തിരിച്ച് വിളിച്ച് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ ക്ഷണിക്കുകയായിരുന്നു. പലതും തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്-തുഷാർ പറയുന്നു. തന്നെ കള്ളകേസിൽ കുടുക്കിയെന്ന വാദം തുഷാറും ഇനിയൊരിടത്തും പറയില്ല. അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒത്തുതീർപ്പിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
12 വർഷം മുമ്പ് ദുബായിലുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം നിർമ്മാണ മേഖലയിൽ എല്ലാവർക്കും പ്രശ്‌നങ്ങളുണ്ടായി. എനിക്കും പത്ത് ദശലക്ഷത്തിലേറെ ദിർഹം ഇവിടെനിന്ന് കിട്ടാനുണ്ടായിരുന്നു. എന്നാൽ മുമ്പ് ലഭിച്ച ലാഭം ഉപയോഗിച്ച് ജീവനക്കാരുടെയെല്ലാം ബാധ്യതകൾ തീർത്ത് അവരെ പറഞ്ഞയച്ചു. ഞാൻ ചെക്ക് കൊടുത്തവരിൽനിന്ന് അത് തിരിച്ചുവാങ്ങി അവരുമായി സംസാരിച്ച് ചെറിയ തുക നൽകി ഇടപാടുകൾ തീർത്തു. നാസിൽ പറയുന്ന കാര്യങ്ങളെ കുറിച്ചൊന്നും എനിക്ക് ധാരണയുണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടത് പോലും ഓർക്കുന്നില്ല. ഏതാനും ബിസിനസ് പങ്കാളികളും മാനേജർമാരുമാണ് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കിയിരുന്നത്. എങ്കിലും പരമാവധി ബാധ്യതകൾ തീർക്കാൻ ഞാനും ഇവിടെ എത്തിയിരുന്നു. എന്നെ പോലെ തന്നെ നാസിലിനും ഇവിടെ അക്കാലത്ത് പണം കിട്ടാനുണ്ടായിരുന്നു. എന്നാൽ നാസിൽ പറയുന്നത് പോലെ ആർക്കെങ്കിലും വണ്ടി ചെക്ക് നൽകിയതായി ഓർമയിലില്ല. എല്ലാ ഇടപാടുകളും തീർത്തു എന്ന് തന്നെയാണ് വിശ്വാസം- തുഷാർ പറഞ്ഞു.
കേസ് നടത്തിയാൽ പ്രത്യേകിച്ചൊന്നും ഞങ്ങൾ രണ്ട് പേർക്കും കിട്ടാൻ പോകുന്നില്ല. പകരം പണവും സമയവും നഷ്ടമാകുമെന്ന് മാത്രം. അതിനായി ഞാൻ ഇവിടെ തന്നെ നിൽക്കണമെന്ന ബുദ്ധിമുട്ടുമുണ്ട്. ഇതൊക്കെ നാസിലിനും മനസ്സിലായി- തുഷാർ പറഞ്ഞു. അതിനിടെ തുഷാർ വെള്ളാപ്പള്ളിക്ക് എതിരേ പരാതി നൽകിയതിന് പിന്നിൽ ആരുടെയും സമ്മർദമില്ലെന്ന് പരാതിക്കാരനായ നാസിൽ അബ്ദുള്ള പറഞ്ഞു. അദ്ദേഹവുമായി ഒത്തുതീർപ്പിലെത്തിയാൽ പരാതി പിൻവലിക്കും. ബിസിനസിൽ സഹായിക്കാമെന്ന് തുഷാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നാസിൽ പറഞ്ഞു. പ്രശ്‌നത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയെ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഘടകകക്ഷി നേതാവായതിനാൽ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിന് ശേഷം വേറെ രാഷ്ട്രീയക്കാരെ ആരെയും വിളിച്ചതുമില്ല.വലിയ സാമ്പത്തിക നഷ്ടം വന്നതുകൊണ്ടാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. യൂസഫലി വിളിച്ചിരുന്നുവെന്നും നാസിൽ പറഞ്ഞു.
കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ഇരുവരും തീരുമാനിച്ച സാഹചര്യത്തിൽ, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ നിയമനടപടികൾ അവസാനിപ്പിക്കാം. തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. പാസ്പോർട് കോടതിയിലാതിനാൽ നിയമനടപടികൾ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല. ഈ സാഹചര്യത്തിലാണ് അതിവേഗ ഒത്തുതീർപ്പ്. ജയിലിൽ കിടക്കേണ്ടി വന്നത് വിധിയായിരിക്കാമെന്നും അതിന്റെ പേരിൽ നാസിലിനോട് ശത്രുതയില്ലെന്നും തുഷാർ പറഞ്ഞു. കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ഇരുവരും തീരുമാനിച്ച് അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ നിയമനടപടികൾ അവസാനിപ്പിക്കാം. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് തുഷാർ ജാമ്യം നേടിയത്. പാസ്പോർട് കോടതിയിലാതിനാൽ നിയമനടപടികൾ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല.