play-sharp-fill
സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ഭീഷണി വീണ്ടും തുടരുന്നു: സഭയ്‌ക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നടപടി ഉറപ്പ്; പ്രതികാര നടപടകൾ തുടരുമ്പോൾ പോരാടാനുറച്ച് ലൂസി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ഭീഷണി വീണ്ടും തുടരുന്നു: സഭയ്‌ക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നടപടി ഉറപ്പ്; പ്രതികാര നടപടകൾ തുടരുമ്പോൾ പോരാടാനുറച്ച് ലൂസി

സ്വന്തം ലേഖകൻ

മാനന്തവാടി: സഭയ്‌ക്കെതിരായി ഒറ്റയ്ക്ക് പോരാട്ടം നടത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ വീണ്ടും ശക്തമായ നടപടികളുമായി സഭ. സഭയ്‌ക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ സഭയിൽ നിന്നും മഠത്തിൽ നിന്നും തന്നെ പുറത്താക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ സഭ ഉയർത്തിയിരിക്കുന്നത്.
പൊലീസിൽ നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറയണമെന്നും, അച്ചടക്കവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മഠത്തിൽ നിന്ന് പുറത്തു പോകേണ്ടിവരുമെന്നുമുള്ള ഭീഷണിയുമായി സി. ലൂസി കളപ്പുരയ്ക്ക് എഫ്.സി.സി സഭയുടെ കത്ത് അയച്ചതോടെയാണ് ഇപ്പോൾ സംഭവം വീണ്ടും വിവാദമായി മാറിയിരിക്കുന്നത്.
സിസ്റ്റർ ലൂസിയെ പുറത്താക്കുന്നത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിനല്ലെന്നും മറ്റ് ചില ഗുരുതര കുറ്റങ്ങൾക്കാണെന്നുമാണ് സഭയുടെ വാദം. ഇതിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകാൻ തങ്ങളെ നിർബന്ധിതരാക്കരുതെന്ന് പറയുന്ന കത്തിൽ, സി.സി.ടി.വി ദൃശ്യങ്ങൾ ഫാദർ നോബിളിന് കൈമാറിയതിനെയും ന്യായീകരിക്കുന്നുണ്ട്. വീഡിയോ അപ്ലോഡ് ചെയ്തതിൽ തെറ്റില്ലെന്നും, കന്യാസ്ത്രീകളുടെ സുരക്ഷാപ്രശ്നമാണ് ഫാ.നോബിൾ ചൂണ്ടിക്കാണിച്ചതെന്നും കത്തിൽ പറയുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ ഉൾപ്പെടുന്ന മറ്റ് കന്യാസ്ത്രീകൾ ലൂസിക്കെതിരെ പരാതി നൽകുമെന്നും ഭീഷണിയുണ്ട്.
മഠത്തിൽ മറ്റൊരാൾ കൂടി ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് തന്നെ പൂട്ടിയിട്ടെന്ന പേരിൽ സി. ലൂസി പൊലീസിലും മാദ്ധ്യമങ്ങളിലും തെറ്റായ വിവരങ്ങൾ നൽകിയത്. പുറത്തേക്കുള്ള വാതിൽ അഥവാ പൂട്ടിയിട്ടെങ്കിൽ തന്നെ മഠത്തിലെ സഹവാസികളെ വിളിക്കാതെ ആദ്യം പൊലീസിനെ വിളിച്ചത് സംശയകരമാണ്. സിസ്റ്റർ ലൂസിക്കെതിരെ അപകീർത്തികരമായ വീഡിയോ യുടൂബിലൂടെ പ്രചരിപ്പിച്ച വൈദികൻ നോബിൾ പാറക്കലിന്റെ നടപടിയിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന നോബിൾ ചൂണ്ടിക്കാണിച്ചത്. സിസ്റ്റർക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയല്ല ഫാ. നോബിളിന് ദൃശ്യങ്ങൾ നൽകിയത്. സഭയിൽ നിന്നു പുറത്താക്കിയിട്ടും സിസ്റ്റർ അപ്പീലിന് പോയ പശ്ചാത്തലത്തിലാണ് മഠത്തിൽ തുടരാൻ അനുവദിക്കുന്നത്. അത് എന്തിനുമുള്ള ലൈസൻസായി കരുതരുത്. സന്ദർശകർ വരുന്നത് മുൻകൂട്ടി അറിയിക്കണം. മാദ്ധ്യമ പ്രവർത്തകരെ മഠത്തിന്റെ ചുറ്റുമതിലിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം പരാതി പിൻവലിക്കാനോ, മാപ്പ് പറയാനോ തയ്യാറല്ലെന്ന നിലപാടിലാണ് സിസ്റ്റർ ലൂസി.