play-sharp-fill
മദ്യലഹരിയിൽ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിലിടപെട്ടു: വണ്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടുകയാണെന്നു പറഞ്ഞതോടെ ബസിൽ നിന്നും എടുത്തു ചാടി; അനക്കമില്ലാതെ റോഡിൽ കിടന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് സി.ഐ നിർമ്മൽ ബോസ്; യൂണിഫോമിൽ സി.ഐ നിന്നിട്ടും സഹായിക്കാൻ ആരും എത്തിയില്ല; സംഭവം എം.സി റോഡിൽ നീലിമംഗലത്ത്

മദ്യലഹരിയിൽ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിലിടപെട്ടു: വണ്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടുകയാണെന്നു പറഞ്ഞതോടെ ബസിൽ നിന്നും എടുത്തു ചാടി; അനക്കമില്ലാതെ റോഡിൽ കിടന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് സി.ഐ നിർമ്മൽ ബോസ്; യൂണിഫോമിൽ സി.ഐ നിന്നിട്ടും സഹായിക്കാൻ ആരും എത്തിയില്ല; സംഭവം എം.സി റോഡിൽ നീലിമംഗലത്ത്

സ്വന്തം ലേഖകൻ
കോട്ടയം: ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിൽ മദ്യലഹരിയിൽ ഇടപെട്ട യാത്രക്കാരൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് ബസ് തിരിച്ചതോടെ ബസിൽ നിന്നും പുറത്തേയക്ക് ചാടി. ഓടുന്ന ബസിൽ നിന്നും റോഡിലേയ്ക്ക് ചാടി സാരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന യാത്രക്കാരനെ ഇതുവഴി എത്തിയ ഈസ്റ്റ് സി.ഐ നിർമ്മൽ ബോസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. കാലിന് സാരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആനിക്കാട് പോണിക്കാട് വീട്ടിൽ സിജോ ചാക്കോ (30)യെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് അ്ഞ്ചരയോടെ എം.സി റോഡിൽ നീലിമംഗലത്തായിരുന്നു സംഭവം. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന കുന്നത്ത് ബസിലെ ജീവനക്കാരും, പഴേമ്പള്ളിൽ ബസിലെ ജീവനക്കാരും തമ്മിൽ കുന്നത്ത് ബസിനുള്ളിൽ വച്ച് സമയത്തെച്ചൊല്ലി തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന സിജോയും, സുഹൃത്തും പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ തർക്കം സിജോയും, ബസ് ജീവനക്കാരും തമ്മിലായി. ഇവർ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ബസ് കുമാരനല്ലൂർ ഭാഗം കഴിഞ്ഞിരുന്നു. തർക്കം രൂക്ഷമാകുകയും, കയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങൾ എത്തുമെന്നുമുള്ള അവസ്ഥ എത്തിയതോടെ ബസ് ഗാന്ധിനഗർ സ്‌റ്റേഷനിലേയ്ക്ക് വിടുകയാണെന്ന് ബസ് ജീവനക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഭയന്ന് പോയ സിജോ, ബസിൽ നിന്നും പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്ന് യാത്രക്കാരും ബസ് ജീവനക്കാരും തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ബസിനുള്ളിൽ നിന്നും റോഡിൽ തെറിച്ചു വീണ സിജോ ബോധരഹിതനായി റോഡിൽ കിടന്നു. ഈ സമയം ഡ്യൂട്ടിയ്ക്കായി കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസ് ഇതുവഴി എത്തി. റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആളെ കണ്ടതോടെ സി.ഐ വാഹനം നിർത്തി ഓടിയെത്തി. ഈ സമയം സിജോയുടെ അടുത്ത് ആളുകൾ കൂടിയിരുന്നു. എന്നാൽ, ഒരാൾ പോലും ഇയാളെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. പലരും മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നുണ്ടായിരുന്നു. സി.ഐ നിർമ്മൽ ബോസ് ക്ഷുഭിതനായതോടെയാണ് ഒന്നോ രണ്ടോ ആളുകൾ സഹായത്തിനായി അടുത്ത് എത്തിയത്. തുടർന്ന് ഒരു ഓട്ടോറിക്ഷ വിളിച്ചു വരുത്തിയ ശേഷം ഈ ഓട്ടോയിൽ സിജോയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തച്ചു. സിജോയുടെ വലത് കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നെറ്റി മുട്ടിയ പരിക്കുമുണ്ട്.
അപകടത്തിനിടയാക്കിയ കുന്നത്ത് ബസ് ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.