play-sharp-fill
മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വെടിവച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ; വെഹിക്കിൾ ഇൻസ്‌പെക്ടറുടെ പരാതി ഗതാഗത മന്ത്രിക്ക്

മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വെടിവച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ; വെഹിക്കിൾ ഇൻസ്‌പെക്ടറുടെ പരാതി ഗതാഗത മന്ത്രിക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ ഒരു ഉന്നതനായ ഉദ്യോഗസ്ഥനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പരാതി. തോക്ക് കൈവശം വയ്ക്കാൻ അനുമതിയുള്ള ഇദ്ദേഹം ഷൂട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ മരണഭീതിയിലാണ് വകുപ്പ് ജീവനക്കാരെന്ന് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ ഗതാഗതവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ജീവനക്കാരുടെ പരാതി കേൾക്കാനും അതിന് പരിഹാരം കാണാനും ഉദ്യോഗസ്ഥൻ ശ്രമിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ വൈകാതെ മന്ത്രിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുമെന്നാണ് സൂചന.


അസോസിയേഷൻ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ: ”ന്യായമായ ആവശ്യങ്ങളുമായി കാണാനെത്തുന്ന ഉദ്യോഗസ്ഥരെ കാണാനും അവരുടെ പരാതികൾ കേൾക്കാനും മേലുദ്യോഗസ്ഥൻ തയാറാകുന്നില്ല. അതിനാൽ കാസർകോട് മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർ ഇദ്ദേഹത്തെ കാണാനാകാതെ തിരികെ പോകേണ്ടിവരുന്നു. കാണാൻ അനുവദിച്ചാൽതന്നെ അവരുടെ പരാതികൾ കേൾക്കാൻ തയാറാകാതെ ജീവനക്കാരെ ഷൗട്ട് ചെയ്ത് ഇറക്കി വിടുന്നു. ആർ.ടി.ഒ മുതലുള്ള ഉദ്യോഗസ്ഥരെ മുൻകൂർ നോട്ടീസ് നൽകി മീറ്റിംഗുകൾക്കായി വിളിച്ചുവരുത്തി ജലപാനംപോലും നടത്താൻ പറ്റാത്ത അവസ്ഥയിൽ മണിക്കൂറുകൾ കാത്ത് നിറുത്തി ബുദ്ധിമുട്ടിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരെ ‘ബാസ്റ്റെഡ്’ തുടങ്ങിയ വിളികളാൽ അപമാനിക്കുന്നു. മനുഷ്യജീവിയെന്ന പരിഗണന പോലുമില്ലാതെയാണ് ജീവനക്കാരോട് പെറുമാറുന്നത്. അച്ചടക്ക നടപടികൾ തീർപ്പാക്കുന്നതിനും ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാരിലേക്ക് അയയ്ക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് ജീവനക്കാർ നേരിടുന്നത്. പല പരാതികളിലും അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാലും അതിൽ പുനരന്വേഷണം നടത്താനും അന്യായമായി ശിക്ഷണ നടപടികൾ കൈക്കൊള്ളാനുമാണ് മേലുദ്യോഗസ്ഥന് താത്പര്യം. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി സർക്കാരിലേക്ക് റിപ്പോർട്ട് അയയ്ക്കുന്നത് സ്ഥിരം പരിപാടിയാണ്.

അകാരണമായി ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും അത് അനന്തമായി നീളുന്നതിനാൽ പ്രൊമോഷൻ, ഗ്രേഡ് തുടങ്ങിയ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 400 രൂപ കണ്ടെത്തിയതിനെ തുടർന്നുള്ളതാണ് ഇതിൽ ഒരു സംഭവം. വിജിലൻസ് ശുപാർശപ്രകാരം ഡെപ്യൂട്ടി ട്രാൻ. കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ ജനറേറ്ററിൽ ഇന്ധനം നിറയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണെന്ന് കണ്ടെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എം.വി.ഐയ്ക്ക് കഠിനശിക്ഷ നൽകണമെന്നാണ് മേലുദ്യോഗസ്ഥൻ ശുപാർശ ചെയ്തത്. നിസാരകാരണത്തിന് നടപടിക്ക് വിധേയനായ ഒരു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ മൂന്നുമാസത്തെ സസ്‌പെൻഷൻ നടപടിക്കുശേഷം തിരിച്ചെടുക്കാൻ മന്ത്രി നിർദേശിച്ചിട്ടും ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ല.

ഡിപ്‌ളോമ യോഗ്യതയുള്ള ക്‌ളറിക്കൽ ജീവനക്കാരെ എ.എം.വി.ഐ മാരായി നിയമിക്കാനുള്ള ഉത്തരവ് പ്രകാരം നിയമനം നേടിയ 4 ജീവനക്കാരുടെ നിയമനം മാസങ്ങളോളം വൈകിച്ചു. അവരുടെ സീനിയോറിട്ടി നഷ്ടപ്പെടുത്തി. ക്‌ളറിക്കൽ ജീവനക്കാരായ നാല് ജീവനക്കാരുടെയും ഡിപ്‌ളോമ സർട്ടിഫിക്കറ്റ് അസലാണെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിട്ടും വകുപ്പിലെ ലോ ഓഫീസറെ പുനരന്വേഷണത്തിന് നിയോഗിച്ചു. പുനരന്വേഷണം ആവശ്യമില്ലെന്ന ലോ ഓഫീസറുടെ ഉത്തരവിൽ തൃപ്തനാകാതെ ഡെപ്യൂട്ടി കമ്മിഷണറെയും വീണ്ടും അന്വേഷണത്തിന് ചുമതലപ്പെടുത്തി”.

രണ്ടുമാസം മുമ്പ് മുഖ്യമന്ത്രിക്കും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനും വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയെ തുടർന്ന് ഗതാഗത സെക്രട്ടറി ഇടപെട്ടാണ് അടുത്തിടെ ജീവനക്കാരുടെ സ്ഥലം മാറ്റം നടപ്പാക്കിയത്. ട്രാൻസ് പോർട്ട് കമ്മിഷണറേറ്രിനെ ഈ മേലുദ്യോഗസ്ഥൻ മുമ്പും വിവാദത്തിൽപെട്ടിട്ടുണ്ട്.