
തിരുവനന്തപുരം: പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. സായുധ സേനകളും പൊലീസും ഉപയോഗിക്കുന്ന വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒമ്പത് എംഎം വിഭാഗത്തില്‍പ്പെടുന്ന ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകളാണ് മഗ്ഗിനുള്ളില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞയുടൻ വഞ്ചിയൂർ പൊലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ക്രിമിനല്‍ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിയുണ്ടകള്‍ ആരെങ്കിലും ബോധപൂർവം ആശുപത്രിയില്‍ കൊണ്ടുവച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വെടിയുണ്ടകള്‍ ഇപ്പോള്‍ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് നായ്ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യംചെയ്തു. ഇതിന് പുറമേ ആശുപത്രിയില്‍ കഴിഞ്ഞദിവസം എത്തിയ രോഗികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ആർപിഎഫും പൊലീസും സംയുക്തമായാണ് കേസന്വേഷിക്കുന്നത്. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
റെയില്‍വേ സ്റ്റേഷനും ആശുപത്രി പരിസരവും അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. വെടിയുണ്ടയുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്തും.







