
കോട്ടയം: നെല്ല് സംഭരണ മേഖലയിലെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കുകയും സ്വകാര്യ മില്ലുകളുടെ കുത്തക അവസാനിപ്പിക്കുകയും ചെയ്യുന്നതിനായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാപ്കോസ് റൈസ് മില്ലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. സഹകരണ മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപമുള്ള പത്തേക്കർ സ്ഥലത്താണ് ആധുനിക റൈസ് മില്ലും ഗോഡൗണും ഒരുങ്ങുന്നത്. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരുമായി ചേർന്ന് മെയ് 2ന് ഉന്നതല യോഗം ചേരാൻ തീരുമാനിച്ചു.
കേരള പാഡി പ്രൊക്യൂർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) 80 കോടി രൂപ ചെലവിലാണ് മില്ല് സ്ഥാപിക്കുന്നത്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മില്ലിൽ പരമ്പരാഗത വെയർഹൗസുകൾക്ക് പകരം 3250 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകൾ സ്ഥാപിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ നെല്ല് സംഭരിക്കാനും താപനിലയും ഈർപ്പവും നിയന്ത്രിച്ച് ദീർഘകാലം സംരക്ഷിക്കാനും ഇത് സഹായിക്കും.
സൈലോകളുടെ നിർമ്മാണവും പ്ലാന്റിന്റെ കോൺക്രീറ്റ് ജോലികളും പുരോഗമിക്കുകയാണ്. പുതിയ മില്ലിൽ വർഷം 50,000 മെട്രിക് ടൺ നെല്ല് സംസ്കരിക്കാൻ കഴിയും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ചു അരിയാക്കി വിപണനം ചെയ്യാനാണ് ലക്ഷ്യം.
പുതിയ മില്ല് പ്രവർത്തനം ആരംഭിക്കുന്നതോടെ നെല്ല് സംഭരണ പ്രശ്നങ്ങൾക്കും സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിനും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ ഉൾപ്പെടെ വിവിധ പ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുത്തു.


