വാർദ്ധക്യ പെൻഷനില്ല: 19 വർഷമായി 65 കാരി കഴിയുന്നത് പൊതു ശൗചാലയത്തിൽ

Spread the love

മധുര : വാർദ്ധക്യ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധയായ സ്ത്രീ കഴിഞ്ഞ 19 വർഷമായി താമസിക്കുന്നത് ശൗചാലയത്തിൽ. 65 കാരിയായ കറുപ്പായി എന്ന സ്ത്രീയാണ് കഴിഞ്ഞ 19 വർഷമായി മധുരയിലെ രാംനാട് പ്രദേശത്തുള്ള ഒരു പൊതു ശൗചാലയത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വാർത്താ ഏജൻസിയായ എ.എന്‍.ഐ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടതോടെയാണ് കറുപ്പായിയുടെ ജീവിതം പുറംലോകമറിയുന്നത്.

“65 കാരിയായ കറുപ്പായി കഴിഞ്ഞ 19 വർഷമായി രാംനാഥിലെ ഒരു പൊതു കക്കൂസില്‍ താമസിക്കുന്നു. കക്കൂസുകള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഉപജീവനമാർഗം കണ്ടെത്തുന്നത്” എന്ന അടിക്കുറിപ്പോടെയാണ് എ.എന്‍.ഐ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. ഇവിടെയെത്തുന്നവര്‍ നല്‍കുന്ന നാണയത്തുട്ടുകളാണ് ഇവരുടെ വരുമാനം. രാത്രിയില്‍ മൂത്രപ്പുരയില്‍ തന്നെ കഴിച്ചുകൂട്ടും.

കക്കൂസില്‍ താമസിക്കാന്‍ നിര്‍ബന്ധിത ആയതിനെ കുറിച്ച് കറുപ്പായിയോട് ചോദിച്ചപ്പോള്‍ “ഞാന്‍ വാര്‍ധക്യ പെന്‍ഷന് വേണ്ടി അപേക്ഷിച്ചിരുന്നു. പക്ഷേ അത് ലഭിച്ചില്ല. ഞാൻ കലക്ടറുടെ ഓഫീസിലെ പല ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എനിക്ക് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ താമസം പൊതു കക്കൂസിലേക്ക് ചുരുക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. പകലന്തിയോളം പണിയെടുത്താല്‍ എനിക്ക് കിട്ടുന്നത് 70-80 രൂപയാണ്. ” എന്ന മറുപടിയാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുപ്പായിക്ക് ഒരു മകളുണ്ട്. എന്നാല്‍ അവള്‍ ഒരിക്കല്‍പ്പോലും അന്വേഷിച്ചുവന്നിട്ടില്ലെന്നാണ് കറുപ്പായി പറയുന്നത്. കറുപ്പായിയുടെ ചിത്രങ്ങള്‍ വൈറലായതോടെ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്.