ഹോം നഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ വയോധികന്റെ മരണം; ഡയറിക്കുറിപ്പുകള്‍ സാക്ഷി; അവകാശികളെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലും ദുരൂഹത; പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്;കൂടത്തായി മോഡൽ ‘കൊല’യോ? കൊച്ചുമക്കള്‍ക്കുള്ള സ്വത്ത് സഹോദരന്‍ തട്ടിയോ? പുലിയൂരിലെ യേശുദാസിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്

Spread the love

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്ന് കോടതി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു.

video
play-sharp-fill

ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.

മരുമകള്‍ ലീന ബിന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ണ്ണായക ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ച്‌ 20-നായിരുന്നു യേശുദാസിന്റെ അന്ത്യം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതോടെ തന്നെ മരണ കാരണത്തില്‍ വ്യക്തത വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വത്ത് തട്ടിയെടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടന്നുവെന്ന പരാതിയെ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഹോം നഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനായെന്നും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നുമാണ് പരാതിയിലുള്ളത്. തന്റെ അദ്ധ്വാനഫലം മുഴുവന്‍ കൊച്ചുമക്കള്‍ക്കായി നല്‍കുമെന്ന് യേശുദാസ് ഡയറിയില്‍ എഴുതിവെച്ചിരുന്നു.

എന്നാല്‍, ഇദ്ദേഹത്തിന് അല്‍ഷിമേഴ്സ് ആണെന്നത് മുതലെടുത്ത് ബാങ്ക് അക്കൗണ്ടുകള്‍, എടിഎം കാര്‍ഡുകള്‍, വസ്തുവകകള്‍ എന്നിവ സഹോദരന്‍ ഗബ്രിയേല്‍ മാമനും ഹോം നഴ്സും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് ലീന ആരോപിക്കുന്നത്.

യേശുദാസിന്റെ മകന്റെ മരണശേഷം നിയമപരമായ അവകാശികളായ മരുമകളെയും കൊച്ചുമക്കളെയും സംസ്‌കാര ദിവസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും പരാതിയിലുണ്ട്.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒഴിവാക്കി മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ സഹോദരന്‍ കാണിച്ച തിടുക്കവും അയല്‍വാസികളുടെ മൊഴികളും സംശയം വര്‍ദ്ധിപ്പിക്കുന്നു. വന്‍തുകയുടെ ബാങ്ക് ബാലന്‍സും ഭൂമിയും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായാണ് സംശയം.

ഏപ്രില്‍ 21-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് പുലിയൂര്‍ പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കും. തഹസില്‍ദാര്‍, രണ്ട് പോലീസ് സര്‍ജന്മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കും.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ യേശുദാസിന്റെ മരണത്തിലെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പോലീസും.

യേശുദാസിന്റെ മകന്‍ ബിന്‍സ് 2017ല്‍ മരിച്ചതിനെ തുടര്‍ന്ന് മകള്‍ ബിന്‍സിയും മരുമകളും മക്കളുമാണ് നിയമപരമായ അവകാശികള്‍. എന്നാല്‍, അവകാശികളെ മറികടന്ന് യേശുദാസിന്റെ ബാങ്ക് അക്കൗണ്ടുകള്‍, എ ടി എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ സഹോദരനും ഹോം നഴ്‌സും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി.

തന്റെ അദ്ധ്വാനഫലം കൂടിയായ സ്വത്തുവകകള്‍ യേശുദാസിന്റെ സഹോദരന്‍ ഗബ്രിയേല്‍ മാമന്‍ അനധികൃതമായി സ്വന്തമാക്കി ഇടപാടുകള്‍ നടത്തിയതായും ലീന ആരോപിക്കുന്നു. യേശുദാസിന് അല്‍ഷിമേഴ്‌സ് ഉണ്ടായിരുന്നുവെന്നും ഇത് മുതലെടുത്താണ് സ്വത്ത് തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്.

യേശുദാസിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കൂടാതെയാണ് സംസ്‌കാരം നടന്നതെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതേത്തുടര്‍ന്ന് ഏപ്രില്‍ 1-ന് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഷാജു എം. എസ് ഉത്തരവില്‍ വ്യക്തമാക്കി.

ഏപ്രില്‍ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന് പുലിയൂര്‍ പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കും. ചെങ്ങന്നൂര്‍ തഹസില്‍ദാരുടെയും (എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്), രണ്ട് പോലീസ് സര്‍ജന്മാരുടെയും സാന്നിധ്യത്തിലായിരിക്കണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹം പുറത്തെടുക്കുന്ന നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.