താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് നിരവധി തവണ: ഗുരുതര വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥർ: കുമരകത്ത് വയോധികൻ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ; മന്ത്രി എം.എം മണിയ്ക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ പരാതി നൽകി
സ്വന്തം ലേഖകൻ
കുമരകം: കുമരകത്ത് മീൻ പിടിക്കാൻ പോയ വയോധികൻ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. കഴിഞ്ഞ ദിവസം കുമരകത്തെ കെ.എസ്.ഇബി ഓഫിസ് ഉപരോധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂടുതൽ ശക്തമായ നടപടികളിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി സി.പിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ നിർദേശാനുസരണം കുമരകം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എം.എം മണിയ്ക്ക് ഇതു സംബന്ധിച്ചു പരാതി നൽകി.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പാറേക്കാട് പാടശേഖരത്തിൽ വള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കുമരകം ആറ്റുപുറത്ത് രഘുവരൻ മരിച്ചത്. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ നടപടിയാണ് മരണത്തിൽ കലാശിച്ചതെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെ കെ.എസ്.ഇബി ഓഫിസിലേയ്ക്ക് പ്രകടനം നടത്തുകയും ഓഫിസ് ഉപരോധിക്കുകയും ചെയ്തത്.
വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നതായും അപകടത്തിന് ഇടയാക്കുമെന്നും ചുണ്ടിക്കാട്ടി വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ പന്ത്രണ്ടിന് തന്നെ പാടശേഖര സമിതി കെ.എസ്.ഇബി അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, വിഷയത്തിൽ അലസമായ സമീപനം സ്വീകരിച്ച കെ.എസ്.ഇബി അധികൃതർ പോസ്റ്റ്് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചില്ല. പോസ്റ്റ് മാറ്റി സ്ഥാപിച്ചു വേണം വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നത് പരിഹരിക്കാനെന്നായിരുന്നു കെ.എസ്.ഇബിയുടെ വാദം. തുടർന്ന് ഇതിനായി 15623 രൂപ മെയ് 21 ന് വൈദ്യുതി വകുപ്പിന്റെ ഓഫിസിൽ അടയ്ക്കുകയും ചെയ്തിരുന്നതാണ്. പണം അടച്ച് രണ്ടു മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പിലെ ജീവനക്കാർ സ്ഥലത്ത് എത്താനോ പോസ്റ്റ് മാറ്റി സ്ഥാപിക്കാ്‌നോ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് അപകടം ഉണ്ടായത്. കെ.എസ്.ഇബി ജീവനക്കാരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമായയത്. ഈ സാഹചര്യത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ സൗത്ത് മേഖലാ സെക്രട്ടറി കെ.മിഥുൻ പരാതിയിൽ ആവശ്യപ്പെടുന്നു.