
വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികള്‍ പാകിസ്ഥാനില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇറാന് ഇത് അവസാന അവസരമാണെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെ തകർക്കും എന്നാണ് ഭീഷണി.
ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കിയത്. വെടിനിർത്തല്‍ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു. അതേസമയം പാകിസ്ഥാനിലെ ചർച്ച സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോർമുസ് കടലിടുക്കില്‍ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തല്‍ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയില്‍ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു.
തന്റെ പ്രതിനിധികള്‍ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകള്‍ക്കായി അവർ നാളെ അവിടെ ഉണ്ടാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്.
ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യണ്‍ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും എല്ലാ പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കി.



