
കോട്ടയം: കടുത്തുരുത്തിയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു.
കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേല്‍ അനീഷിന്റെ ഭാര്യ കാർത്തിക (36)യാണ് വീട്ടില്‍ പ്രസവിച്ചത്.
രക്തം വാർന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ കുഞ്ഞിനെ കാണാതായതോടെ യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ പകല്‍ മൂന്നിനായിരുന്നു സംഭവം. ഇവർക്കു നാലു മക്കളുണ്ട്. രണ്ട് വയസ്സുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെയുണ്ടായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്റെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കാർത്തികയെ കട്ടിലില്‍ കണ്ടത്.
തുടർന്ന് മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ എത്തിച്ചു. നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് മേശയ്ക്കു മുകളില്‍ വച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
കടുത്തുരുത്തി എസ്‌എച്ച്‌ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി.
കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്‌ജിഎം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



