
കോഴിക്കോട്: വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപം അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി.
സംഭവത്തില്‍ കാർ ഓടിച്ചിരുന്ന പൊക്കുന്ന് സ്വദേശി മനുവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ നിന്ന് 2.84 ഗ്രാം എംഡിഎംഎയും ലഹരി തൂക്കി വില്‍ക്കാൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും പോലീസ് കണ്ടെടുത്തു.
ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് മനു ഓടിച്ച കാർ പള്ളിക്കണ്ടി സ്വദേശിയായ യുവാവിന്റെ സ്കൂട്ടറില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവാണ് സ്വന്തം വാഹനത്തില്‍ ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ മനു തന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രണവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ചാവി കൊണ്ട് നെറ്റിയില്‍ കുത്തേറ്റും നെഞ്ചില്‍ ചവിട്ടേറ്റും ഗുരുതരമായി പരിക്കേറ്റ പ്രണവ് ബോധരഹിതനായി വീണതോടെ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
മർദനമേറ്റ പ്രണവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അപകടം നടന്ന സ്ഥലത്തെത്തി മനുവിന്റെ കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പേഴ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കൂടാതെ ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കണ്ടെടുത്തു.
ലഹരിമരുന്ന് പിടികൂടിയ വിവരമറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ മനുവിനെ എലത്തൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
പ്രതിയായ മനുവിനെതിരെ മുൻപും ലഹരിമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും കേരളത്തിലും കർണാടകയിലുമായി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.



