
ന്യൂഡൽഹി: മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവും ലൈംഗിക ചുവയോടെയുള്ളതുമായ വാർത്ത പ്രസിദ്ധീകരിച്ച കേസിൽ ലേറ്റസ്റ്റ് സായാഹ്‌ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
2013-ൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗ് നേതാവ് ഹസീന താജുദീനെതിരെ അശ്ലീല ചുവയുള്ള വാർത്ത നൽകിയെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019-ൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ കാസർഗോഡ് അഡിഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച അരവിന്ദനോട് പിഴത്തുക അടയ്ക്കാൻ നിർദ്ദേശം നൽകിയെങ്കിലും, അത് പാലിക്കാൻ രണ്ടുതവണയും തയ്യാറാകാത്തതിനെ തുടർന്ന് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിക്ഷയ്ക്കുശേഷവും തന്നെതിരെ അശ്ലീല ചുവയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതായി പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി. സമാന സ്വഭാവത്തിലുള്ള ആറിലധികം കേസുകൾ അരവിന്ദനെതിരെ നിലവിലുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
പരാതിക്കാരിക്ക് വേണ്ടി അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനും അനിരുദ്ധ് കെ പി യും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. ഹർഷദ് വി ഹമീദും ദിലീപ് പൂളക്കോട്ടും, ഹർജിക്കാരനായ അരവിന്ദന് വേണ്ടി അഡ്വ. ശ്രീറാം പറക്കാട്ടും സുപ്രീം കോടതിയിൽ വാദിച്ചു.



