കുമരകത്തിന് പിന്നാലെ പത്തനംതിട്ടയിലും വൈദ്യുതി ലൈനിൽ നിന്നും ദുരന്തം: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പൊലിയുന്നത് ജീവിതങ്ങൾ; അനാഥമാകുന്നത് നിരവധി കുടുംബങ്ങൾ; വൈദ്യതി ലൈനിലെ അപകടങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

കുമരകത്തിന് പിന്നാലെ പത്തനംതിട്ടയിലും വൈദ്യുതി ലൈനിൽ നിന്നും ദുരന്തം: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പൊലിയുന്നത് ജീവിതങ്ങൾ; അനാഥമാകുന്നത് നിരവധി കുടുംബങ്ങൾ; വൈദ്യതി ലൈനിലെ അപകടങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്തിന് പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി വീണ് പത്തനംതിട്ടയിലും യുവാവ് മരിച്ചു. കുമരകത്ത് മീൻ പിടുത്തക്കാരനായ വയോധികൻ പാടശേഖരത്ത് താന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചത്. പത്തനംതിട്ട കടപ്രയിലെ കേബിൾ ടിവി ജീവനക്കാരനായ രാജീവാണ് (32) കഴിഞ്ഞ ദിവസം താഴന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. നാല് ദിവസമായി പ്രദേശത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈൻ സംബന്ധിച്ച് നാ്ട്ടുകാർ പ്രദേശത്തെ വൈദ്യുതി സെക്ഷൻ ഓഫിസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഇതുവഴി വാഹനത്തിൽ എത്തിയ രാജീവ് ഷോക്കേറ്റ് മരിക്കുന്ന അപകടം ഉണ്ടായത്. തുടർന്ന് സ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും വൈദ്യുതി വകുപ്പിലെ ജീവനക്കാർ ആരും തന്നെ പ്രശ്‌നം പരിഹരിക്കാനുളള നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കടനാട് കേബിൾ വിഷനിലെ ജീവനക്കാരനാണ് മരിച്ച രാജീവ്.
ഇതിനിടെ കഴിഞ്ഞ ദിവസം മീൻ പിടുത്തതിനായി പോകുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കുമരകം സ്വദേശിയായ രഘുവരൻ മരിച്ചിരുന്നു. രഘുവരന്റെ മരണത്തിനു പിന്നിലെ കെ.എസ്.ഇബി ജീവനക്കാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കുമരകം സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കെ.എസ്.ഇബി ഓഫിസ് ഉപരോധിച്ചു. കുറ്റക്കാരായ കെ.എസ്.ഇബി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വൈദ്യുതി വകുപ്പിന്റെ ഓഫിസ് ഉപരോധിച്ചത്. സമരം ബ്ലോക്ക് സെക്രട്ടറി എസ്.ബിനോയ് ഉദ്ഘാടനം ചെയ്തു.