സ്ത്രീ സംവരണം നടപ്പിലാക്കുന്നത് ഇനിയും വൈകുന്നത് രാജ്യത്തെ സ്ത്രീകളോട് കാണിക്കുന്ന ‘നഗ്‌നമായ അനീതി’ ; തുറന്ന കത്തുമായി പ്രധാനമന്ത്രി

Spread the love

ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുന്നത് ഇനിയും വൈകുന്നത് രാജ്യത്തെ സ്ത്രീകളോട് കാണിക്കുന്ന ‘നഗ്‌നമായ അനീതി’ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

അംബേദ്കര്‍ ജയന്തി പ്രമാണിച്ച്‌ രാജ്യത്തെ സ്ത്രീകള്‍ക്ക് അയച്ച തുറന്ന കത്തിലാണ് പ്രധാനമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ 16-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ‘നാരി ശക്തി വന്ദന്‍ അധിനിയം’ ഭേദഗതികള്‍ പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും പൂര്‍ണ്ണമായ സ്ത്രീ സംവരണത്തോടെ നടപ്പിലായാല്‍ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള ഭരണഘടനാ ഭേദഗതികള്‍ ഉടന്‍ പാസാക്കേണ്ടതുണ്ട്.

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്ന 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരിക്കും ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രപരമായ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രാദേശിക എം.പിമാര്‍ക്ക് കത്തുകളയച്ച്‌ അവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു. ഇത് വരും നൂറ്റാണ്ടുകളെ സ്വാധീനിക്കുന്ന തീരുമാനമാണെന്ന് അവരെ ഓര്‍മ്മിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍, ശാസ്ത്രം, കൃഷി, കായികം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യന്‍ സ്ത്രീകള്‍ മുദ്ര പതിപ്പിക്കുകയാണ്. ലഖ്പതി ദീദിമാരും സ്വയംസഹായ സംഘങ്ങളും ഗ്രാമീണ തലത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ നിയമനിര്‍മ്മാണ സഭകളിലും അവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറ്റാനുള്ള യാത്രയില്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ സജീവ പങ്കാളിത്തം ഒഴിവാക്കാനാവില്ലെന്ന് പ്രധാനമന്ത്രി കത്തില്‍ ഓര്‍മ്മിപ്പിച്ചു.

സര്‍ദാര്‍ പട്ടേല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി അധ്യക്ഷനായിരുന്ന കാലത്ത് തന്നെ സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. 2023-ല്‍ പാസാക്കിയ നിയമത്തിലെ കടമ്പകള്‍ നീക്കി 2029-ല്‍ തന്നെ ഇത് നടപ്പിലാക്കുക എന്നതാണ് പ്രത്യേക സമ്മേളനത്തിന്റെ ലക്ഷ്യം. അതേസമയം, ബില്ലിന്റെ കരട് പങ്കുവെക്കാത്തതിലും സര്‍വ്വകക്ഷി യോഗം വിളിക്കാത്തതിലും പ്രതിപക്ഷം വിമര്‍ശനം തുടരുകയാണ്.