
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെയാണ് ഭീഷണി. ‘ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും’ എന്ന തരത്തിൽ സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഈ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ സന്ദീപിന്റെ ചിത്രം സഹിതമാണ് കണക്ക് തീർക്കാൻ തയ്യാറാണ് എന്ന രീതിയിലുള്ള പോസ്റ്റുകൾ വരുന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
’22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ’ എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. ‘ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്’ എന്നും പോസ്റ്റിൽ പറയുന്നു.യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ സർക്കാർ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും കോൺഗ്രസ് സൈബർ ഇടങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിലാണ് പോലീസുകാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന സൂചന നൽകുന്ന ഇത്തരം പോസ്റ്റുകൾ വരുന്നത്.



