
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആർവൈഎഫ് കോട്ടയം ജില്ലാകമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. നിതിൻ രാജിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ലെന്നും, കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനങ്ങളും പഠനസംബന്ധമായ അനാവശ്യ സമ്മർദ്ദങ്ങളുമാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ തീരുമാനത്തിലേക്ക് അവനെ നയിച്ചതെന്നുമുള്ള വാർത്തകൾ അതീവ ഗൗരവകരമാണ്. വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന രീതിയിലുള്ള നടപടികൾ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണ്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർ ആരായാലും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ആർവൈഎഫ് വ്യക്തമാക്കി.
നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് നിഷ്പക്ഷവും കാര്യക്ഷമവുമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. കോളേജിലെ അധ്യാപകരിൽ നിന്നോ മാനേജ്മെന്റിൽ നിന്നോ വിദ്യാർത്ഥി നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കണമെന്നും ആർവൈഎഫ് ആവശ്യപ്പെട്ടു. മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും പീഡനങ്ങൾ തടയുന്നതിനുമുള്ള കൃത്യമായ സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഏർപ്പെടുത്തണം.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ഒരു യുവാവിന്റെ സ്വപ്നങ്ങൾ ഇത്തരത്തിൽ ഹോമിക്കപ്പെടുന്നത് ഇനിയെങ്കിലും അവസാനിക്കേണ്ടതുണ്ട്. നിതിൻ രാജിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ആർഎസ്പി ജില്ലാ സെക്രട്ടറി ടിസി അരുൺ ആണ് യോഗം ഉദ്ഘാടനം ചെയ്തത്. ആർവൈഎഫ് ജില്ലാ പ്രസിഡൻ്റ് ടിംസ് തോമസ്, സെക്രട്ടറി കിരൺ, അൻസാരി കോട്ടയം, സിബി ബേബി, ഷൈജു തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.


