play-sharp-fill
എറണാകുളത്തെ പോലീസുകാരന്റെ ആത്മഹത്യ : എസ്ഐയ്ക്ക് കോട്ടയത്തേക്ക് സ്ഥലം മാറ്റം

എറണാകുളത്തെ പോലീസുകാരന്റെ ആത്മഹത്യ : എസ്ഐയ്ക്ക് കോട്ടയത്തേക്ക് സ്ഥലം മാറ്റം

കൊച്ചി: മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെതുടർന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയ്ക്ക് സ്ഥലം മാറ്റം. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തെ എസ്.പി ഓഫീസിലേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്‍റെ പീഡനത്തിൽ മനംനൊന്ത് എഎസ്ഐ പി.സി ബാബു (48) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.

മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആ‍ർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്ഐ രാജേഷ് അന്നു മുതൽ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്ന് ബാബുവിന്‍റെ ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടർന്ന് ബാബു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു 3 വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ആലുവ കുട്ടമശേരിയിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.