
ഉത്തര്‍പ്രദേശില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ 21കാരിയായ കാജള്‍ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാംകൊല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മൊര്‍വാന്‍ എന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച കാജള്‍ മരിക്കുകയായിരുന്നു.
കാജളിന്റെ സഹോദരന്‍ അഭിഷേക് യാദവ് രാംകൊള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയില്‍ ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും കാജള്‍ അത് നിരസിക്കുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അഡീഷണല്‍ സൂപ്രണ്ട് സിദ്ധാര്‍ത്ഥ് വര്‍മ പറഞ്ഞു. ഇതില്‍ പകമൂത്താണ് കാജളിന് നേരെ ആക്രമണം നടത്തിയത്. ജനലില്‍ കൂടി വീടിന്റെ മുകൾ ഭാഗത്ത് കയറി വീടിനുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു.


