
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ. തന്റെ കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി, രാഹുൽ ഗാന്ധിയുമായി കുറച്ചുനേരം ഗൗരവകരവും എന്നാൽ ഹൃദ്യവുമായ രീതിയിൽ സംസാരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ സാധാരണയായി ഉണ്ടാകാറുള്ള രൂക്ഷമായ രാഷ്ട്രീയ വാക്പോരുകൾക്കിടയിൽ, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള നേരിട്ടുള്ള അനൗദ്യോഗിക സംഭാഷണം ശ്രദ്ധേയമായി.
സാമൂഹിക പരിഷ്കർത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ പാർട്ടികളിലെ നേതാക്കൾ ഒത്തുചേർന്നാണ് ഫൂലെയുടെ സ്മരണ പുതുക്കിയത്.


