കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം; കോൺഗ്രസിനെതിരെ ആരോപണവുമായി കെവി തോമസ്

Spread the love

കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമമെന്ന ആരോപണവുമായി കെവി തോമസ്. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് കെവി തോമസിന്റെ പ്രതികരണം. തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെവി തോമസ് പറയുകയുണ്ടായി. സതീശന്റെ 100 സീറ്റ് അവകാശവാദം കൊട്ടക്കണക്കെന്നും കെവി തോമസ് പറഞ്ഞു.

video
play-sharp-fill

നിയമസഭ തിരഞ്ഞടുപ്പിൽ കെ സുധാകരൻ്റെ സീറ്റ് നൽകാത്തതിൽ കോൺഗ്രസിൽ തർക്കങ്ങൾ നടന്നിരുന്നു. തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് അനുമതി നൽകിയിരുന്നില്ല. സീറ്റ് തർക്കത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സുധാകരനെ മത്സരിപ്പിക്കാൻ താത്പര്യമില്ലെന്ന തരത്തിൽ ആരോപണങ്ങളും ആ സമയത്ത് ഉയർന്നിരുന്നു.