എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം; ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ നീക്കവുമായി ഡൽഹി സർക്കാർ

Spread the love

ജോലിയില്‍ ഉഴപ്പുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ 9.30ന് ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് അന്റന്‍ഡന്‍സ് സിസ്റ്റം സജ്ജമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കടക്കം ഇനി മുതല്‍ ബയോമെട്രിക് അന്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ സെക്രട്ടറി തലത്തിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ വരെയാണ് ബയോമെട്രിക് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

video
play-sharp-fill

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്ത സംസ്ഥാന ജിഎസ്ടി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം വന്നിരിക്കുന്നത്. രേഖ ഗുപ്ത ജിഎസ്ടി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. ജോലിയില്‍ ഇല്ലാതിരുന്ന എല്ലാവര്‍ക്കും ഉടനടി കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍നില ഹാജരാക്കാനും രേഖ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.