മീൻപിടിക്കാൻ വള്ളത്തിൽ പോകുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വെള്ളത്തിൽ വീണയാൾ മരിച്ചു; സംഭവം കുമരകത്ത്: രഘുവരന്റെ മരണത്തിൽ ഒന്നാം പ്രതി കെ.എസ്.ഇ.ബി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളത്തിൽ അലക്ഷ്യമായി താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി മീൻ പിടുത്തക്കാരനായ വയോധികന് ദാരുണാന്ത്യം. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വെള്ളത്തിലേയ്ക്ക് വീണ് ഇദ്ദേഹം മരിക്കുകയായിരുന്നു. കുമരകം കണ്ണാടിച്ചാൽ ആറ്റുപുറം രഘുവരനാണ്(70)  കെ.എസ്.ഇബി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. അരമണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ കുമരകം കണ്ണാടിച്ചാൽ പാറേക്കാട്ട് പാടശേഖരത്തിൽ ചെറുവള്ളവുമായി മീൻ പിടിക്കാൻ പോയതായിരുന്നു രാഘവൻ. എന്നാൽ, സാധാരണയിലും താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ ഇദ്ദേഹത്തിന്റെ തല മുട്ടി. ഷോക്കേറ്റ് പിടഞ്ഞ രാഘവൻ ഉടൻ തന്നെ വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീണു. വൈദ്യുതി ലൈൻ പൊട്ടി വീണെന്ന് ഭയപ്പെട്ട നാട്ടുകാർ വെള്ളത്തിലിറങ്ങാൻ ആദ്യം തയ്യാറായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അരമണിക്കൂറോളം സമയം ഇവിടെ തിരച്ചിൽ നടത്തിയിരുന്നു.
സാധാരണയിലും അധികമായാണ് ഇവിടെ വൈദ്യുതി ലൈൻ താഴന്ന് കിടക്കുന്നത്. ആറടിയിലേറെ വെള്ളമുള്ള പാടശേഖരത്തിൽ ഏറെ അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ. ഇത്തരത്തിൽ വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നത് സാധാരണക്കാരെ അപകടത്തിലേയ്ക്ക് തള്ളിവിടും. രാഘവന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ അടക്കമുള്ളവർക്ക് പ്രശ്‌നം സൃഷ്ടിച്ചതും ഇതേ വൈദ്യുതി ലൈനായിരുന്നു. വൈദ്യുതി ലൈൻ താഴ്ന്ന് കിടന്ന് വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇബിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.