
ആലപ്പുഴ: ആലപ്പുഴ അമ്മത്തൊട്ടിലിൽ വീണ്ടും പെൺകുഞ്ഞ് എത്തി. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തുന്നത്.
ഏഴ് ദിവസം പ്രായവും 2.180 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിന് ‘അവന’ എന്നാണ് പേരിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം വ്യാഴാഴ്ച പുലർച്ചെ 12.40നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഏപ്രിൽ മൂന്നിന് രാത്രി ഇവിടെ ലഭിച്ച മറ്റൊരു പെൺകുഞ്ഞിന് ‘അദ്വൈക’ എന്ന് പേരിട്ടിരുന്നു.
കുഞ്ഞിന്റെ വരവറിയിച്ചുകൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ പുലർച്ചെ അലാറം മുഴങ്ങിയിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ ഇന്റർ കെയർ യൂണിറ്റിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകൾ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി അധികൃതർ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ ആരോഗ്യവതിയായ കുരുന്ന് നിലവിൽ ആശുപത്രിയുടെ സംരക്ഷണയിലാണ്.
അവനയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. അവകാശികളാരും വന്നില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകും.



