
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയം ജില്ലയിൽ ഇത്തവണ തീ പാറുന്ന പോരാട്ടം.പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍. ഒമ്പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. കഴിഞ്ഞ തവണ അഞ്ച് എല്‍ഡിഎഫ് എംഎല്‍എമാരെയും നാല് യുഡിഎഫ് എംഎല്‍മാരെയുമാണ് കോട്ടയം നിയമസഭയിലേക്ക് അയച്ചത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോള്‍,
പാലാ
പാലായില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇടതു സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും ഒരേപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവും സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
വികസനമാണ് ജോസ് കെ മാണി പ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്നത്. എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ വികസനമെത്തിച്ചുവെന്ന പ്രതീതി ഉണ്ടാക്കാന്‍ ജോസ് ശ്രമിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സജീവമായി ഇടത് പാര്‍ട്ടികള്‍ കളത്തിലുള്ളത് ജോസിന് അനുകൂലമാണ്. അതേ സമയം, ഗ്രാമപ്രദേശങ്ങളില്‍ സിറ്റിംഗ് എംഎല്‍എ ആയ മാണി സി കാപ്പന് സ്വാധീനമുണ്ടെന്ന് പറയാം.ജില്ലയിലെ പൊതുവെയുള്ള തെരഞ്ഞെടുപ്പ് ചിത്രം എങ്ങനെയെന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി
ഉറച്ച കോണ്‍ഗ്രസ് കോട്ടയാണ് കടുത്തുരുത്തി. സിറ്റിംഗ് എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മല ജിമ്മിയാണ് ഇടതു സ്ഥാനാര്‍ത്ഥി. ബിഡിജെഎസിലെ സുരേഷ് ഇട്ടിക്കുന്നേല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
വികസന മുരടിപ്പാണ് എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് മണ്ഡലത്തിലെ വികസനത്തിന് തടസ്സമെന്നാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്. സര്‍ക്കാര്‍ മണ്ഡലത്തോട് വിവേചനം കാണിക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. കടുത്തുരുത്തിയില്‍ പോരാട്ടം കടുപ്പമാണെങ്കിലും മോന്‍സ് ജോസഫ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
വൈക്കം
എല്‍ഡിഎഫിനായി പി പ്രദീപും യുഡിഎഫിനായി കെ ബിനിമോനും മത്സരിക്കുന്നു. ഒരു മാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ എംഎല്‍എ കെ അജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി കനത്ത ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വൈക്കം. എന്നാല്‍, ഇത്തവണ ഒരുപാട് വെല്ലുവിളികള്‍ അവര്‍ നേരിടുന്നു. കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ജീവനൊടുക്കിയത് സിപിഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, വൈക്കം കൈവിടില്ലെന്നാണ് എല്‍ഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്.
ഏറ്റുമാനൂര്‍
സിറ്റിംഗ് എംഎല്‍എയും നിലവിലെ മന്ത്രിയുമായ വി എന്‍ വാസവനാണ് ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി എത്തുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ആതിര ഡി നായരാണ് എന്‍ ഡി എക്ക് വേണ്ടി ജനവിധി തേടുന്നത്.
പട്ടിക പുറത്തു വന്ന ആദ്യ ദിവസങ്ങളില്‍ ജോസഫ് വാഴക്കനെ വെട്ടി നാട്ടകം സുരേഷിനെ കൊണ്ടുവന്നുവെന്ന തരത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും നിലവില്‍ ഇതിനെയെല്ലാം മറികടക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. തുടക്കത്തില്‍ വന്‍ മുന്‍തൂക്കമുണ്ടായിരുന്ന മന്ത്രി വി.എന്‍ വാസവന്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം.
കോട്ടയം
സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. അഡ്വ. കെ അനില്‍ കുമാറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. പി അനില്‍കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
യുഡിഎഫിന് കൃത്യമായ മേല്‍ക്കയ്യുള്ള മണ്ഡലമാണ് കോട്ടയം. 2021 -ല്‍ 18,743 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച തിരുവഞ്ചൂരിനെ പരാജയപ്പെടുത്തുകയെന്നത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കനത്ത വെല്ലുവിളിയാണ്.
പുതുപ്പള്ളി
ഉമ്മന്‍ചാണ്ടി മരിച്ചതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ ചാണ്ടി ഉമ്മനാണ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ എം രാധാകൃഷ്ണനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. രവീന്ദ്രനാഥ് വാകത്താനം എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
അട്ടിമറി സാധ്യതകള്‍ തീരെ കുറഞ്ഞ മണ്ഡലമായാണ് പുതുപ്പള്ളിയെ പൊതുവെ വിലയിരുത്താറ്. ചാണ്ടി ഉമ്മന്റെ സൈക്കിള്‍ പ്രചരണമടക്കമുള്ള പുത്തന്‍ ശൈലികള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
കാഞ്ഞിരപ്പള്ളി
സിറ്റിംഗ് എംഎല്‍എ ഡോ. എന്‍. ജയരാജ് തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. പ്രഫ. റോണി കെ. ബേബി യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2016 ലെ തെരഞ്ഞടുപ്പില്‍ യുഡിഎഫും 2021 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വിജയിച്ച മണ്ഡലം. മണ്ഡലം തിരിച്ചെടുക്കാനാണ് യു ഡി എഫ് ശ്രമം. ഡോ. എന്‍. ജയരാജിന്റെ ജനകീയതയാണ് എല്‍ ഡി എഫിന്റെ പ്രധാന പ്രചരണ ആയുധം. സ്ഥാനാര്‍ഥിയുടെ വ്യക്തി മികവിലാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. വികസന മുരടിപ്പാണ് യുഡിഎഫ് ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള സ്വീകാര്യതയാണ് എന്‍ഡിഎയുടെ തുരുപ്പ് ചീട്ട്.
ചങ്ങനാശ്ശേരി
കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം പോരടിക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. സിറ്റിംഗ് എം എല്‍ എ കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. ജോബ് മൈക്കിളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ജെയിലെ വിനു ജോബാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ബി രാധാകൃഷ്ണ മേനോന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. കോട്ടയം ജില്ലയില്‍ യുഡിഎഫ് കനത്ത പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി.
പൂഞ്ഞാര്‍
സിറ്റിംഗ് എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എം.ജെ. സെബാസ്റ്റ്യന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2016 ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി സി ജോര്‍ജ് ഇത്തവണയും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാണ്.
പ്രചരണത്തിലും ജനകീയതയിലും മുന്നിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒപ്പത്തിനൊപ്പമോ അല്‍പ്പം മുന്നിലോ ആണ് തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 2016 ല്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ ചരിത്രമുണ്ട് ഈ മണ്ഡലത്തിന്.



