
കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി നഗരസഭയ്ക്ക് സാംസ്കാരിക നിലയത്തിനായി പാട്ടത്തിന് നല്‍കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഫെബ്രുവരി 20-ന് പുറത്തിറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളായ വി. സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. പാട്ടത്തിന് നല്‍കാൻ ഉദ്ദേശിക്കുന്ന ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന ഹർജിക്കാരുടെ വാദം ഗൗരവപരമാണെന്ന് കോടതി നിരീക്ഷിച്ചു.
1922 മുതൽ ഭൂമി ദേവസ്വത്തിന്റെ കൈവശമാണെന്നും, ഭൂമിയിൽ അവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് 2024-ൽ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ദേവസ്വം ബോർഡ് എന്നിവരോട് വിശദീകരണം തേടിയ കോടതി, ഹർജി മേയ് 19-ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. വിപണി വിലയുടെ 2.5 ശതമാനം വാർഷിക വാടകയ്ക്ക് മൂന്ന് വർഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനായിരുന്നു സർക്കാർ തീരുമാനം. ഇത് റവന്യൂ ഭൂമിയാണെന്ന നിലപാടിലാണ് സർക്കാർ.



