
തൃശൂര്‍: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുൻ കോണ്‍ഗ്രസ് പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപൻ വക്കീല്‍ നോട്ടീസ് അയച്ചു.
മൂന്ന് തവണ എംഎല്‍എയും തൃശ്ശൂർ മുൻ എംപിയും നിലവില്‍ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാർത്താസമ്മേളനം നടത്തി ഫിറോസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപൻ ആരോപിച്ചു.
24 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഡ്വ. രഖേഷ് ശർമ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പപേക്ഷ നല്‍കുന്നതിനോടൊപ്പം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ഫിറോസിന്റെ പ്രസ്താവനകള്‍ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചതാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.



