ഈസ്റ്റർ ദിനത്തിൽ പരമാവധി വീടുകൾ കയറി സ്ഥാനാർത്ഥികൾ: നാട് ഇളക്കിമറിച്ച റോഡ് ഷോയും നടത്തി. കോട്ടയത്തെ 9 മണ്ഡലങ്ങളിലും പോരാട്ടം ശക്തം: എല്ലാവരും ഒപ്പത്തിനൊപ്പം

Spread the love

കോട്ടയം : കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലും ഈസ്റ്റർ ദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ വലിയ തിരക്കിലായിരുന്നു. പരമാവധി വീടുകൾ കയറിയിറങ്ങി. തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായർ കൂടിയായതിനാൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു.

video
play-sharp-fill

പരമാവധി ആളുകളെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച്‌ സ്ഥാനാർത്ഥികള്‍.
തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങള്‍ പായിച്ചും റോഡ് ഷോ നടത്തിയും മണ്ഡലങ്ങളെ ഇളക്കിമറിച്ചു. അവധി ദിവസമായതിനാല്‍ എല്ലാവരും വീട്ടിലുണ്ടാകുമെന്ന ഉറപ്പില്‍ സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകയറാനും സമയം കണ്ടെത്തി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാനായെന്നാണ് വിശ്വാസം. കണക്കുക്കൂട്ടല്‍ തെറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എ രംഗത്തുള്ളതിനാല്‍ മത്സരം പ്രവചനാതീതം. സർവേകള്‍ നല്‍കിയ മുൻതൂക്കം പ്രതിഫലിക്കില്ലെന്ന് എല്‍.ഡി.എഫും കരുതുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കേന്ദ്രമന്ത്രി ശോഭ കരന്തലജെയും ജില്ലയിലെത്തുന്നുണ്ട്.

കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്ണൻ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുത്ത് പ്രചാരണം നടത്തുകയാണ്. പുഴകള്‍ തെളിച്ച്‌ ജനമനസില്‍ ഇടം നേടിയ എല്‍.ഡി.എഫിലെ അഡ്വ. കെ.അനില്‍കുമാർ ഉയർത്തുന്ന വെല്ലുവിളിയെ നിസാരമായി തിരുവഞ്ചൂർ കാണുന്നില്ല. കുടുംബ വോട്ടർമാരെ ലക്ഷ്യംവച്ച്‌ പ്രചാരണത്തില്‍ മുന്നേറുകയാണ് എൻ.ഡി.എയുടെ പി.അനില്‍കുമാർ. ഈ രണ്ട് സ്ഥാനാർത്ഥികളും പിടിക്കുന്ന വോട്ടുകള്‍ എങ്ങനെയുമാകാം.
പുതുപ്പള്ളി
സൈക്കിളില്‍ കയറി വെറൈറ്റി പ്രചാരണം നടത്തുന്ന ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തെ പറ്റി മാത്രം ചിന്തിച്ചാല്‍ മതിയെന്ന് യു.ഡി.എഫ് പറയുമ്പോള്‍ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ താഴുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. വികസന മുരടിപ്പ് എടുത്തു പറഞ്ഞാണ് എല്‍.ഡി.എഫിലെ കെ.എം.രാധാകൃഷ്ണന്റെയും, ബി.ജെ.പിയിലെ രവീന്ദ്രനാഥ് വാകത്താനത്തിന്റെയും പ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ
ഏറ്റുമാനൂരിലെ അടിയൊഴുക്കുകള്‍ എന്താണെന്ന് ആർക്കുമറിയില്ല. സിറ്റിംഗ് എം.എല്‍.എ വി.എൻ.വാസവനെന്ന കരുത്തനൊപ്പം മണ്ഡലം നിലനില്‍ക്കുമന്ന് എല്‍.ഡി.എഫ്‌ നേതാക്കള്‍. അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫിലെ നാട്ടകം സുരേഷ്. യുവ വോട്ടർമാരെ ലക്ഷ്യവച്ച്‌ സജീവമാണ് എൻ.ഡി.എയുടെ ആതിര ഡി.നായർ.

കടുത്തുരുത്തി
കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ പോരാടുന്ന കടുത്തുരുത്തിയില്‍ മോൻസോ, നിർമ്മലയോ എന്നത് മാത്രമാണ് ചിന്ത. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ അനുസരിച്ച്‌ മോൻസിന് അനുകൂലമാണ് കാര്യങ്ങള്‍. എന്നാല്‍ നിർമ്മല ജിമ്മി വ്യക്തിപരമായ വോട്ടുകള്‍ പിടിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. സാമുദായിക വോട്ടുകളില്‍ ലക്ഷ്യംവച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഇട്ടിക്കുന്നേലിന്റെ പ്രവർത്തനം.

വൈക്കം
ഇടതു കോട്ടയെന്ന് പറയുമ്പോഴും വൈക്കത്ത് എന്ത് അട്ടിമറിയാണ് എതിർ സ്ഥാനാർത്ഥികള്‍ ഒരുക്കിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. സി.പി.ഐയിലെ പി.പ്രദീപിനെതിരായി സംഘടനാ പ്രശ്നങ്ങള്‍ ആയുധമാക്കുകയാണ് എതിർ സ്ഥാാർത്ഥികള്‍. കോണ്‍ഗ്രസിലെ കെ.ബിനിമോനും, ബി.ജെ.പിയിലെ കെ.അജിതും ഇടതുകോട്ടയില്‍ എന്ത് പോരാട്ടമുയർത്തുമെന്നാണ് ഉറ്റുനോക്കുന്നത്.

പാലാ
ത്രികോണപ്പോരാട്ടം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിച്ച പാലായില്‍ ആര് ആരെ അട്ടിമറിക്കുമെന്ന് പറയാനാവില്ല. മാണി സി.കാപ്പൻ തുടർ വിജയം പ്രതീക്ഷിക്കുമ്പോള്‍ രാജ്യസഭാംഗമായ ജോസ് കെ.മാണി അധികാര കൊതിയനാണെന്ന പ്രചാരണമാണ് എതിർ സ്ഥാനാർത്ഥികള്‍ ഉയർത്തുന്നത്. ചോരാതെയുള്ള വോട്ടുകള്‍ കൂടെനിറുത്തുകയും ഷോണിന്റെ വ്യക്തി ബന്ധവും കൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

കാഞ്ഞിരപ്പള്ളി
അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ആരുടെയൊക്കെ വോട്ടുകള്‍ ബി.ജെ.പി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിടിക്കുമെന്നതാണ് പ്രധാനം. സിറ്റിംഗ് എം.എല്‍.എ എൻ. ജയരാജിന്റെ പ്രതീക്ഷ എല്‍.ഡി.എഫിന്റെ ഉറച്ച പിന്തുണയിലാണ്. കൈപ്പത്തിയെന്ന വികാരത്തിനൊപ്പം നിഷ്പപക്ഷ വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ റോണി കെ.ബേബി.

പൂഞ്ഞാർ
ത്രികോണപ്പോര് നടക്കുന്ന പൂഞ്ഞാറില്‍ പി.സിജോർജ് ജയിക്കുമോയെന്നാണതാണ് കൗതുകം. സിറ്റിംഗ് എം.എല്‍.എ എന്ന നിലയിലുള്ള മണ്ഡലത്തിലെ പരിചയം വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍. എന്നാല്‍ ഇത്തവണ അട്ടിമറിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ.സെബാസ്റ്റ്യൻ ലക്ഷ്യമിടുന്നത്.

ചങ്ങനാശേരി
അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബ് കളത്തിലിറങ്ങുന്ന മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കുക ബി.ജെ.പി സ്ഥാനാർത്ഥി ബി.രാധാകൃഷ്ണമേനോന്റെ വോട്ടുകളാണ്. ത്രികോണ മത്സരം നടക്കുന്ന ചങ്ങനാശേരിയില്‍ സിറ്റിംഗ് എം.എല്‍.എ ജോബ് മൈക്കിള്‍ വ്യക്തിബന്ധം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.