
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിലെ വാടകവീട്ടില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട് വാടകയ്ക്ക് എടുത്ത വിഷ്ണുവിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടസമയത്ത് വീട്ടില്‍ അഞ്ചുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പടക്കനിര്‍മ്മാണത്തിന് അനുമതി തേടി അപേക്ഷ നല്‍കിയിരുന്നുവെന്ന് വിഷ്ണു ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ സിമി ഒന്നരമാസം ഗര്‍ഭിണിയാണ്. ഇവർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അനുമതിയില്ലാതെയാണ് പടക്കനിര്‍മ്മാണം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റര്‍, വിഷു വിപണി ലക്ഷ്യമിട്ടാണ് നിര്‍മ്മാണം നടത്തിയതെന്നും പ്രദേശവാസികളെ അനുമതി ലഭിച്ചതായി വിശ്വസിപ്പിച്ചിരുന്നുവെന്നും വ്യക്തമാകുന്നു. ഇന്നലെ രാത്രി 9.45ഓടെ വീടിന്റെ പുറകുവശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ രാമനാട്ടുകര സ്വദേശി രാഹുല്‍ (26)യും വിഷ്ണുവിന്റെ സഹോദരന്‍ രാഹുല്‍ (27)യും മരിച്ചു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


