
ഡറാഡൂണ്‍: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലെ വീഴ്ച തുറന്നുകാട്ടി വിദേശ വനിതയുടെ വീഡിയോ. ഉത്തരാഖണ്ഡിലെ അല്‍മോറ സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റാണ് സ്ഥലത്ത് പൊതുശുചിമുറികളില്ലാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. മാർക്കറ്റിലൂടെ നടക്കുമ്പോള്‍ ഒരു വാഷ് റൂം പോലും കണ്ടെത്താനാകാത്തതിലുള്ള നിരാശയാണ് വീഡിയോയില്‍ ഇസ്രയേല്‍ വനിത പങ്കുവയ്ക്കുന്നത്.
‘ഹലോ ഇന്ത്യക്കാരെ, ഞങ്ങള്‍ ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇത് രണ്ടാം തവണയാണ് ഞാനിവിടെ വരുന്നത്. പക്ഷേ ഇവിടെ ഒരിടത്തും ഞങ്ങള്‍ക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി പോലുമില്ല. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് വരണമെന്നും സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്നുമൊക്കെ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇവിടെ ഒരു പബ്ലിക് ടോയിലെറ്റെങ്കിലും നിർമ്മിക്കുന്നത് വലിയ ആശ്വാസമായിരിക്കും. കാരണം, ടോയിലറ്റ് സൗകര്യമില്ലാതെ ആർക്കും ഒരു സ്ഥലത്ത് അധികനേരം ചെലവഴിക്കാൻ കഴിയില്ലല്ലോ.’ യുവതി വീഡിയോയില്‍ പറയുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ സമാനമായ പരാതികളുമായി രംഗത്തെത്തി. ഇത് അല്‍മോറയിലെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലുടനീളം ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ‘ഡല്‍ഹിയിലെ സിപി എൻഡിഎംസി മേഖലകള്‍ ഒഴിവാക്കിയാല്‍ ബാക്കി ഒരിടത്തും വൃത്തിയുള്ള ശുചിമുറി കണ്ടെത്തുക പ്രയാസമാണ്. ഉണ്ടെങ്കില്‍ തന്നെ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും,’ ഒരു ഉപയോക്താവ് കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇതൊരു പാൻഇന്ത്യ പ്രശ്നമാണ്, പക്ഷേ ആർക്കാണ് ഇക്കാര്യത്തില്‍ ശ്രദ്ധയുള്ളത്?’ എന്ന് മറ്റൊരു ഉപയോക്താവ് പരിഹാസരൂപേണ ചോദിച്ചു. വിദേശ സഞ്ചാരികള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന അല്‍മോറ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ നാണക്കേടാണ്.



