20 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നെടുത്ത് നാടുവിട്ടു; ആൻഡമാൻ വനത്തിലെത്തി പ്രതിയെ സാഹസികമായി പിടികൂടി കേരളപൊലീസ്

Spread the love

കൊച്ചി: തൃക്കാക്കരയിലെ എക്‌സ്‌പോർട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മുങ്ങിയ കവർച്ചാസംഘത്തെ സാഹസികമായി പിടികൂടി കേരള പൊലീസ്.

video
play-sharp-fill

ബംഗാള്‍ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുല്‍ മുൻസി, രാഹുല്‍ പണ്ഡിറ്റ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രശാന്ത് സർക്കാരും റഫീഖുല്‍ മുൻസിയും ചേർന്നാണ് സ്വർണം മോഷ്‌ടിച്ചത്. പിന്നാലെ ഇവർ കേരളത്തില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപിലുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേരളപൊലീസ് മനസിലാക്കിയത്. തുടർന്ന് കൊച്ചി സിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം തൃക്കാക്കര എസ്‌ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാനിലെത്തി. ഡിഗിലിപൂരില്‍ നിന്ന് 300 കിലോമീറ്ററോളം ദൂരം കാട്ടുവഴികളിലൂടെ സഞ്ചരിച്ചാണ് പ്രശാന്തിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പ്രതിയായ റഫീഖുല്‍ മുൻസി വേഷം മാറി ഗുജറാത്തിലെ സൂറത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടികൂടാതിരിക്കാനായി ഇയാള്‍ മൊബൈല്‍ ഫോണ്‍പോലും ഉപേക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ രാഹുല്‍ പണ്ഡിറ്റിനെ കൊല്‍ക്കത്തയിലെ ഒരു ക്രിമിനല്‍ സംഘത്തിനിടയില്‍ നിന്ന് അർദ്ധരാത്രി നടത്തിയ സാഹസികനീക്കത്തിലൂടെയാണ് പിടികൂടിയത്.

കവർന്നെടുത്ത സ്വർണം പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി പ്രശാന്തും റഫീഖുലും തമ്മില്‍ തർക്കമുണ്ടായിരുന്നു. 92 ഗ്രാം സ്വർണം താൻ തനിയെ മോഷ്‌ടിച്ചതായതിനാല്‍ അത് തനിക്ക് വേണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. ഇതോടെ റഫീഖുല്‍ തന്റെ സുഹൃത്തായ രാഹുലുമായി ചേർന്ന് പ്രശാന്തിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ഈ ബാഗ് ഉപേക്ഷിച്ച്‌ പ്രശാന്ത് ഓടിപ്പോവുകയായിരുന്നു.

ആകെ 141 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഇതില്‍ 76 ഗ്രാമോളം കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞു. ഇവരിലൊരാള്‍ സ്വർണം വിറ്റുകിട്ടിയ പണത്തില്‍ നിന്നും മാറ്റിവച്ചിരുന്ന രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.