play-sharp-fill
ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ വീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥർ എത്തി; അറസ്റ്റ് ഉടൻ; ചിദംബരത്തെ കുടുക്കിയ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ വീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥർ എത്തി; അറസ്റ്റ് ഉടൻ; ചിദംബരത്തെ കുടുക്കിയ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ
ചെന്നൈ: തകർന്നടിഞ്ഞ കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ സിബിഐയെ ഉപയോഗിച്ച് ബിജെപി. ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാൽ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ തിരികെ പോയി.
ആറ് പേരടങ്ങുന്ന സിബിഐ സംഘമാണ് വൈകുന്നേരത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ചിദംബരം വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയായിരുന്നു. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതായി അഭ്യൂഹങ്ങളുണ്ട്.
ഐ.എൻ.എക്‌സ് മീഡിയ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ചൊവ്വാഴ്ച ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ചിദംബരം സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ഇതേ കേസിൽ മകൻ കാർത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാർത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007ൽ ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
ചിദംബരത്തിനും കാർത്തിക്കും പുറമേ ഐ.എൻ.എക്സ്. മീഡിയ, അതിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.
അഴിമതി കേസ് അന്വേഷണത്തിന് കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. ചിദംബരത്തിന്റെ ഹർജി അന്വേഷണ ഏജൻസികൾ ഹൈക്കോടതിയിൽ എതിർത്തു. ഇവരുടെ അഭ്യർഥന പരിഗണിച്ചാണ് കോടതി ചിദംബരത്തിന്റെ ഹർജി തള്ളിയത്. മോദി സർക്കാരിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന കോൺഗ്രസ് നേതാവാണ് ചിദംബരം.
മന്ത്രിയായിരിക്കെ ഇദ്ദേഹം അനുമതി നൽകിയത് മൂലം ഐഎൻഎക്സ് മീഡിയ കമ്പനിക്ക് വൻതോതിൽ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ സാധിച്ചുവെന്നാണ് ആരോപണം.
ഐഎൻഎക്സ് മീഡിയ കമ്പനി അഴിമതി കേസിൽ ചിദംബരത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ചിദംബത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ചിദംബരത്തിന് പുറമെ ഇദ്ദേഹത്തിന്റെ മകൻ കാർത്തി ചിദംബരവും കേസിൽ പ്രതിയാണ്.
നിയമവിരുദ്ധമായി 305 കോടി രൂപ വിദേശഫണ്ട് സ്വീകരിക്കാൻ ചിദംബരം മന്ത്രിയായിരിക്കെ ധനമന്ത്രാലയം അനുമതി നൽകിയെന്നാണ് ആരോപണം. ഇതിന് പിന്നിൽ മകൻ കാർത്തിയാണ് കരുക്കൾ നീക്കിയതെന്നും പറയുന്നു. കമ്പനിക്ക് അനുമതി നൽകിയത് വഴി കാർത്തി കോടികൾ കൈക്കൂലി വാങ്ങിയെന്നും അന്വേഷണ സംഘം പറയുന്നു.
എന്നാൽ ആരോപണങ്ങളെല്ലാം ചിദംബരം നിഷേധിച്ചിട്ടുണ്ട്. കാർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സിബിഐയും കഴിഞ്ഞാഴ്ച ചോദ്യം ചെയ്തിരുന്നു. പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഐഎൻഎസ് മീഡിയ.
സംരക്ഷണം വേണമെന്ന ആവശ്യവും തള്ളി
മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും തള്ളുന്നുവെന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് സുനിൽ ഗൗർ പറഞ്ഞു. അപ്പീൽ നൽകുന്നതിന് മൂന്ന് ദിവസം ഇളവ് നൽകണമെന്ന ചിദംബരത്തിന്റെ ആവശ്യവും ഹൈക്കോടതി ഗൗനിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടനെ, അറസ്റ്റിൽ ഇടക്കാല സംരക്ഷണം വേണമെന്ന് ചിദംബരം ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
2017 മെയ് 15നാണ് ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരവും കേസെടുത്തു.
ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന് 2007ലാണ് ഐഎൻഎക്സ് മീഡിയ കമ്പനി രൂപീകരിച്ചത്. കാർത്തി ചിദംബരവുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരം ഇവർക്കെതിരെയും കേസെടുത്തിരുന്നു. കാർത്തിക്ക് കൈക്കൂലി നൽകിയ കാര്യം ഇന്ദ്രാണി 2018 മാർച്ചിൽ സിബിഐയോട് സമ്മതിച്ചു. ഇന്ദ്രാണി മാപ്പ് കേസിൽ സാക്ഷിയായിട്ടുണ്ട്.
അതേസമയം, ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ചിദംബരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരവും കപിൽ സിബലും തമ്മിൽ ചർച്ച നടത്തി. ചിദംബരത്തെ ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം. അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.