
കൊൽക്കത്ത : ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ 65 റൺസിന്റെ വമ്പൻ ജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്. തങ്ങൾ ഉയർത്തിയ 226 ടോട്ടൽ ചേസ് ചെയ്ത കൊൽക്കത്തയെ ഹൈദരബാദ് 16 ഓവറിൽ 161 റൺസിൽ എറിഞ്ഞിട്ടു. ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഹൈദരാബാദ്, പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് സൺറൈസേഴ്‌സിന്റെ സമ്പാദ്യം.
ഓപ്പണിങ് കൂട്ടുകെട്ടും ഹെന്റിച്ച് ക്ലാസന്റെ ക്ലാസ് ഇന്നിങ്‌സുമാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. കൊൽക്കത്തയ്ക്കുവേണ്ടി ബ്ലെസ്സിങ് മുസറബനി നാലുവിക്കറ്റുകൾ നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
35 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസന്റെ ഇന്നിങ്‌സാണ് എസ്.ആർ.എച്ച്. ടോട്ടലിന്റെ നട്ടെല്ല്. ഒരു സിക്‌സും നാല് ബൗണ്ടറിയും ഉൾപ്പെടുന്ന പ്രകടനത്തിന്, ഇന്നിങ്‌സ് അവസാനിക്കാൻ രണ്ട് പന്തുകൾ ശേഷിക്കേയാണ് അവസാനമായത്.
അവസാന ഓവറിലെ നാലാംപന്തിൽ മുസർബനിയുടെ പന്തിൽ രമൺദീപ് സിങ്ങിന് ക്യാച്ചായി മടങ്ങി. അപ്പോഴേക്കും ടീം സ്‌കോർ 220 കടന്നിരുന്നു.
ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് കൊൽക്കത്ത ബൗളർമാരെ നിലംപരിശാക്കി. വരുൺ ചക്രവർത്തിയുടെ ആദ്യ ഓവറിൽ അഭിഷേക് ശർമ രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളുമടക്കം 25 റൺസ് നേടി സ്‌കോർ ബോർഡ് കുതിപ്പിച്ചു.
34 പന്തിൽ 82 റൺസിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ട്രാവിസും ചേർത്തത്. പവർപ്ലേ പിന്നിടുമ്പോൾ ഹൈദരാബാദ് രെുവിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലായിരുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോറാണിത്. കൂടാതെ, ഐ.പി.എൽ.
ചരിത്രത്തിൽ ഹൈദരാബാദിന്റെ അഞ്ചാമത്തെ മികച്ച പവർപ്ലേ ടോട്ടലായും ഇത് മാറി. നിതീഷ് കുമാർ റെഡ്ഡിയും (24 പന്തിൽ 39) എസ്.ആർ.എച്ചിനായി തിളങ്ങി.
ആറാം ഓവറിലെ നാലാം പന്തിൽ കാർത്തിക് ത്യാഗിയാണ് കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. 21 പന്തിൽ 46 റൺസെടുത്ത ട്രാവിസ് ഹെഡിനെ കാമറൂൺ ഗ്രീൻ പിടികൂടി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ ഒമ്പത് പന്തിൽ 14 റൺസെടുത്ത് പുറത്തായി.
ഒമ്പതാം ഓവറിൽ മുസറബാനി ഇരട്ട പ്രഹരമേൽപ്പിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. ഇഷാൻ കിഷനെയും തൊട്ടടുത്ത പന്തിൽ അപകടകാരിയായ അഭിഷേക് ശർമയെയും (21 പന്തിൽ 48 റൺസ്) പുറത്താക്കി. വരുൺ ചക്രവർത്തിയുടെ തകർപ്പൻ ക്യാച്ചാണ് അഭിഷേക് ശർമയുടെ ഇന്നിങ്‌സിന് വിരാമമിട്ടത്.
കൊൽക്കത്തയുടെ ഇന്നിങ്സ്
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി. ഓപ്പണർമാരായ അജിങ്ക്യ രഹാനെയും ഫിൻ അലനും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഫിൻ അലൻ വെറും 7 പന്തിൽനിന്ന് 28 റൺസ് അടിച്ചുകൂട്ടി സ്ഫോടനാത്മകമായ തുടക്കം നൽകിയെങ്കിലും രണ്ടാം ഓവറിൽത്തന്നെ പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ അംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്ത നിരയിൽ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ചത്. 29 പന്തിൽ നിന്ന് 52 റൺസെടുത്ത രഘുവംശി ടീമിനെ മത്സരത്തിൽ നിലനിർത്തിയെങ്കിലും റൺഔട്ടിലൂടെ പുറത്തായത് കൊൽക്കത്തയ്ക്ക് കനത്ത ആഘാതമായി.
മധ്യനിരയിൽ റിങ്കു സിങ് 25 പന്തിൽ 35 റൺസെടുത്ത് പോരാടിയെങ്കിലും നിതീഷ് റെഡ്ഡിയുടെ പന്തിൽ ഔട്ടായി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (8), കാമറൂൺ ഗ്രീൻ (2), അനുകുൽ റോയ് (0) എന്നിവരും നിരാശപ്പെടുത്തി. അവസാന നിമിഷം സുനിൽ നരെയ്ൻ (4 പന്തിൽ 12) പ്രതീക്ഷ നൽകിയെങ്കിലും വൈകാതെ മടങ്ങി. രമൺദീപ് സിങ് (10), കാർത്തിക് ത്യാഗി (5), വരുൺ ചക്രവർത്തി (0) എന്നിവരും പുറത്തായതോടെ ടീം തോൽവി സമ്മതിച്ചു. ഏഴ് റൺസെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്.
ഹൈദരാബാദ് ബൗളർമാരിൽ ജയ്‌ദേവ് ഉനദ്കട്ട് മൂന്നും നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ മലിംഗ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഹർഷ് ദുബെയ്ക്ക് ഒരുവിക്കറ്റ്.
സിക്സുകളിൽ അഭിഷേകിന് സെഞ്ചുറി
ഈ മത്സരത്തോടെ ഹൈദരാബാദിന് വേണ്ടി 100 സിക്‌സറുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായി അഭിഷേക് മാറി. 143 സിക്‌സുകൾ നേടിയ ഡേവിഡ് വാർണറാണ് മുന്നിലുള്ളത്. ഹൈദരാബാദിനായി വൈഭവ് അറോറ രണ്ടും കാർത്തിക് ത്യാഗി, അനുകുൽ റോയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



