
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമാണം നടക്കുന്നുവെന്ന കെസി വേണുഗോപാലിന്റെ വിമർശനത്തിന് മറുപടിയുമായി സിപിഐഎം. രാജയ ഭീതിയിൽ നിന്നും ഉണ്ടായ ആരോപണമാണ് ഇതെന്നാണ് സിപിഐഎമ്മിന്റെ പ്രസ്താവന. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പയ്യന്നൂരിൽ സ്വന്തം പാർട്ടിയിൽ നിന്നും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും കെസി വേണുഗോപാൽ എംപി ആരോപമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിര റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ ആരോപണത്തിന് പിന്നാലെ വ്യാജ കാർഡ് നിർമാണം സിപിഐഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചിരുന്നു. അതേസമയം വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ടുനേടേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞിട്ടുണ്ട്. എന്നാൽ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നാണ് കെസി വേണുഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ പൊലീസും ഇലക്ഷൻ കമ്മിഷനും അന്വേഷിക്കട്ടെ അവർക്ക് തെളിവ് ലഭിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് വ്യാജ രേഖകളുടെ നിർമാണം നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.


