
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ കുടുങ്ങിയ സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം നടത്തിയത് അതീവ രഹസ്യമായ നീക്കങ്ങള്‍.
എന്നാല്‍, പോലീസിന്റെ ഓരോ ചുവടുവെപ്പും മുന്‍കൂട്ടിയറിഞ്ഞ മട്ടില്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്ന് വിവരം ചോര്‍ന്നോ എന്ന ഗുരുതരമായ സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം. രഞ്ജിത്തിന് ഒളിത്താവളമൊരുക്കാനും നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ എസ്.ഐ.ടി ഉടന്‍ ചോദ്യം ചെയ്യും.
പോലീസിനുള്ളിലെ ‘കറുത്ത ആടുകള്‍’ വഴി വിവരങ്ങള്‍ ചോര്‍ന്നതാണോ അതോ സിനിമാ സെറ്റിലെ സ്വാധീനമുപയോഗിച്ച് നീക്കങ്ങള്‍ മനസ്സിലാക്കിയതാണോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. മാര്‍ച്ച് 30-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ മിന്നല്‍ വേഗത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചത്. എന്നാല്‍, 31-ന് രാത്രി തൊടുപുഴയില്‍ വെച്ച് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അദ്ദേഹം ഒളിവില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയമത്രയും അദ്ദേഹത്തിന് സംരക്ഷണമൊരുക്കിയത് ബോബി കുര്യനും ശാലിനിയും ആണെന്നാണ് പോലീസിന്റെ നിഗമനം.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ജനുവരി 30-ന് നടന്ന സംഭവത്തില്‍, കാരവാനില്‍ വെച്ച് യുവനടിയോട് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടവര്‍ സെറ്റിലുണ്ടായിരുന്നുവെങ്കിലും അന്നവര്‍ താരരാജാക്കന്മാരുടെ കരുത്തിന് മുന്നില്‍ മൗനം പാലിക്കുകയായിരുന്നു. ഈ കാരവാന്‍ പോലീസ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഉള്ളില്‍ സിസിടിവി ഇല്ലെങ്കിലും കാരവാനു പുറത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്. ഈ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി അത് മാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനസികമായി തകര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന നടി മാര്‍ച്ച് 28-നാണ് ധൈര്യം സംഭരിച്ച് പരാതി നല്‍കിയത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അടുത്തിടെ കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് ബലം പ്രയോഗിക്കാന്‍ കഴിയില്ലെന്നുമാണ് രഞ്ജിത്ത് കോടതിയില്‍ വാദിക്കുന്നത്. നട്ടെല്ലിന് പ്രശ്‌നമുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുമ്പോഴും, ജയിലിനുള്ളിലെ കൊതുകുശല്യവും വീര്‍പ്പുമുട്ടലും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്.
സിനിമാ സെറ്റിലെ ‘മംഗലശ്ശേരി നീലകണ്ഠന്‍’ ചമഞ്ഞ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ശാലിനിയും ബോബി കുര്യനും തെളിവുകള്‍ ലഭിച്ചാല്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കും. കാരവാനു പുറത്ത് ശാലിനി കാവല്‍ നിന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, അതൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി മാറും. പോലീസിന്റെ അതീവ രഹസ്യമായ നീക്കങ്ങള്‍ പോലും ചോര്‍ന്ന പശ്ചാത്തലത്തില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.



