play-sharp-fill
പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിച്ചു: സഹായമഭ്യർഥിച്ച് ആദ്യമെത്തിയത് ദിലീപ്

പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിച്ചു: സഹായമഭ്യർഥിച്ച് ആദ്യമെത്തിയത് ദിലീപ്

ഷിംല: കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഛത്രുവില്‍ നിന്നും മണാലിയിലേക്ക് ടീമിനെ മാറ്റുകയാണെന്നും ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഭക്ഷണമടക്കമുള്ളവ ഇവര്‍ക്ക് എത്തിച്ചു നല്‍കിയതായി ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കുടുങ്ങിയ പ്രദേശത്ത് നിന്നും ബേസ് ക്യാമ്ബ് വരെയുള്ള 22 കിലോമീറ്റര്‍ സംഘം നടക്കണമെന്നും നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുവിനെയും സംഘത്തേയും രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നടനും മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവുമായ ദിലീപ് തന്നോട് ആവശ്യപ്പെട്ടതായി എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു. കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി താൻ ഇക്കാര്യം സംസാരിച്ചെന്നും ഹൈബി ഈഡൻ തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ ഛത്രുവിലെത്തിയത്.

മൂന്നാഴ്ച മുമ്ബ് യാത്ര തിരിച്ച മഞ്ജു തിങ്കളാഴ്ച രാവിലെയാണ് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹോദരന്‍ മധുവിനെ വിവരമറിയിച്ചത്.

തുടര്‍ന്ന്, മധു വാര്യര്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ വിവരമറിയിക്കുകയായിരുന്നു. വിനോദ സഞ്ചാരികളായ ഇരുന്നൂറ് പേരും ഇവര്‍ക്കൊപ്പമുണ്ട്.

അതേസമയം, ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ,മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.

യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പഞ്ചിമ ബംഗാള്‍ ,ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്.