
കൊച്ചി: കെഎസ്‌ആർടിസിയുടെ അനാസ്ഥയില്‍ ഉറങ്ങിക്കിടന്നയാത്രക്കാർക്ക് ദുരിതയാത്ര. ഉറങ്ങിക്കിടന്ന യാത്രക്കാരെ അറിയിക്കാതെ കെഎസ്‌ആർടിസി ബസുകള്‍ പരസ്പരം വച്ചുമാറിയതോടെ മുതിർന്ന യാത്രക്കാരി ഉള്‍പ്പെടെയുള്ളവർ രാത്രി പെരുവഴിയിലായി.
ബംഗ്ളൂരിലേക്ക് യാത്രതിരിച്ചവർ പുലർച്ചെ എത്തിയത് തിരുവനന്തപുരം ഭാഗത്തേക്കുള്ള റൂട്ടിലാണ്.
പെർമിറ്റില്ലാത്ത ബസും വച്ചുമാറ്റവും
2026 മാർച്ച് 28 ശനിയാഴ്ച കെഎസ്‌ആർടിസിയുടെ പുതിയ തിരുവനന്തപുരം-ബംഗ്ളൂരു എസി സ്ലീപ്പർ-സീറ്റർ ബസ് സർവീസിലാണ് യാത്രക്കാർക്ക് ഈ ദുരനുഭവം ഉണ്ടായത്. സ്ലീപ്പർ-സീറ്റർ ബസിനു പകരം സ്ലീപ്പർ ബർത്ത് മാത്രമുള്ള കെഎസ് 453 ബസാണ് അന്ന് സർവീസ് നടത്തിയത്. എന്നാല്‍ ഈ ബസിന് ബംഗ്ളൂരിലേക്ക് പെർമിറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് പെർമിറ്റുള്ള ബംഗ്ളൂരു-തിരുവനന്തപുരം സ്ലീപ്പർ-സീറ്റർ ബസും (കെഎസ് 473) കെഎസ് 453 ബസും തൃശൂരില്‍ വെച്ച് യാത്രക്കാരെ പരസ്പരം വച്ചുമാറുകയായിരുന്നു.
ഉറക്കത്തില്‍ വഴിമാറി യാത്ര
തിരുവനന്തപുരം-ബംഗ്ളൂരു ബസിലെ സ്ലീപ്പർ ബർത്തില്‍ കിടന്നുറങ്ങുകയായിരുന്ന നാല് യാത്രക്കാർ ഈ വച്ചുമാറ്റം അറിഞ്ഞില്ല. ജീവനക്കാർ ഇവരെ വിളിച്ചുണർത്താൻ തയ്യാറായതുമില്ല. ഇതോടെ ബംഗ്ളൂരില്‍ നിന്നും വന്ന ബസ് തിരികെ ബംഗ്ളൂരിലേക്കും, തിരുവനന്തപുരത്ത് നിന്നും വന്ന ബസ് തിരികെ തിരുവനന്തപുരത്തേക്കും മടങ്ങി. തിരുവനന്തപുരത്തേക്കുള്ള ബസ് മൂവാറ്റുപുഴ എത്തിയപ്പോഴാണ് ഈ നാല് യാത്രക്കാർ ഉറക്കമുണർന്നത്. ബംഗ്ളൂരിലേക്ക് പോകേണ്ട തങ്ങള്‍ തിരുവനന്തപുരം ഭാഗത്തേക്കാണ് പോകുന്നതെന്ന് അവർ അപ്പോഴാണ് മനസ്സിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന യാത്രക്കാരിക്കും ദുരിതം
മൂവാറ്റുപുഴയില്‍ നിന്ന് താമരശ്ശേരിയിലേക്ക് കയറിയ മുതിർന്ന യാത്രക്കാരിക്കും സമാനമായ ദുരനുഭവമുണ്ടായി. രാത്രി 12.30-ന് ബസില്‍ കയറിയ ഇവർ നാല് മണിക്കൂർ യാത്ര ചെയ്തിട്ടും പുലർച്ചെ 4.30-ന് വീണ്ടും മൂവാറ്റുപുഴയില്‍ തന്നെ എത്തിയതുകണ്ട് ഞെട്ടിപ്പോയി. ഇതോടെ ബസിനുള്ളില്‍ ആകെ ബഹളമായി. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചപ്പോള്‍ ബസ് വച്ചുമാറ്റിയ വിവരം അറിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
പോലീസ് ഇടപെട്ടു
ഒടുവില്‍ പോലീസ് ഇടപെട്ടാണ് യാത്ര മുടങ്ങിയവർക്ക് പകരം സംവിധാനം ഒരുക്കാൻ കെഎസ്‌ആർടിസിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഒരാളെ കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടു. മറ്റ് നിവൃത്തിയില്ലാതെ താമരശ്ശേരി സ്വദേശിനി ഉള്‍പ്പെടെയുള്ളവർക്ക് തങ്ങളുടെ യാത്ര റദ്ദാക്കേണ്ടി വന്നു.
കോഴിക്കോട് എത്തിയെന്ന് കരുതി നോക്കിയപ്പോഴാണ് ബസ് തിരികെ മൂവാറ്റുപുഴയില്‍ എത്തിയ വിവരം ഇവർ അറിഞ്ഞത്. ആദ്യ ബസിലെ കണ്ടക്ടറുടെ നമ്പറില്‍ വിളിച്ചപ്പോള്‍ മോശമായാണ് സംസാരിച്ചതെന്നും യാത്രക്കാർ ആരോപിക്കുന്നു. എസി ടിക്കറ്റ് ബുക്ക് ചെയ്ത താൻ മൂവാറ്റുപുഴയില്‍ നിന്ന് തൃശൂരിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും സാധാരണ സൂപ്പർ ഫാസ്റ്റ് ബസിലാണ് പിന്നീട് യാത്ര ചെയ്തതെന്നും താമരശ്ശേരി സ്വദേശിനി വ്യക്തമാക്കി.



