Spread the love

ഇടതുപക്ഷ വികസന പദ്ധതികള്‍ ആദിവാസി – ദലിത് വിഭാഗങ്ങളെ അവഗണിച്ചതിനാല്‍ എസ്‍സി/എസ്ടി സംഘടനകള്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്.

video
play-sharp-fill

അറുപത്തിയഞ്ചോളം എസ്‍സി/എസ്ടി സംഘടനകളുടെ സംയുക്ത വേദിയാണ് എഡിഎഫ്. ഇടതുപക്ഷത്തിൻ്റെ വമ്പൻ വികസന മാതൃകകള്‍ വിഴിഞ്ഞും തുറമുഖം, നാഷണല്‍ ഹൈവേ, തുരങ്കപാത തുടങ്ങിയവയാണ്. ഇടതുപക്ഷത്തിൻ്റെ തുടർഭരണം പാർശ്വവല്‍കൃതരുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്നതാണ് എസ്‍സി/എസ്ടി സംഘടനകളുടെ പൊതുവികാരമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

കേരളത്തിൻ്റെ ബജറ്റിൻ്റെ വാർഷിക ചെലവ് രണ്ട് ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ യാഥാർത്ഥ്യം അതല്ലെന്ന് എഡിഎഫ് നേതാക്കള്‍ പറയുന്നു. വാർഷിക ബജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ ഫണ്ട്. ഇത് കഴിഞ്ഞ 8 വർഷമായി ശരാശരി 29,000 കോടിയായി തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്‍പാദനമേഖല മുരടിച്ചു പോയി. ബജറ്റ് ചിലവിന്റെ ഗണ്യമായ ഭാഗം പദ്ധതി ഇതര (നോണ്‍ പ്ലാൻ) മേഖലയാണ്. റവന്യൂ വരുമാന ന്റെ മുഖ്യഭാഗമെടുത്ത് ജീവനക്കാരുടെ ശമ്പളം, എയ്‌ഡഡ് മേഖല ശമ്പളം, പെൻഷനുകള്‍, ക്ഷേമപെൻഷനുകള്‍ തുടങ്ങിയവ നല്‍കുന്നതാണ് പദ്ധതി ഇതര മേഖലയില്‍ നടക്കുന്നത്.

നികുതിദായകരായ സാധാരണക്കാർ, ദലിതർ, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍, ചെറിയ വരുമാനക്കാർ തുടങ്ങിയവർ ഇതിൻ്റെ ഗുണഭോക്താക്കളല്ല. കാഴ്ചക്കാർ മാത്രമാണ്. സർക്കാരുണ്ടാക്കുന്ന കടം വീട്ടാൻ സാധാരണക്കാർ നികുതി നല്‍കുകയും വേണമെന്ന് എഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ബജറ്റിൻ്റെ പ്ലാൻ വിഹിതത്തിൻ്റെ 10 ശതമാനം മാത്രമാണ് എസ്‍സി/എസ്ടി വികസനത്തിന് വേണ്ടി മാറ്റിവെക്കുന്നത്. ഇതിലേറെയും പാഴാക്കുന്നു. 9 വർഷത്തിനുള്ളില്‍ എസ്‍സി/എസ്ടി ഫണ്ടില്‍ 7411 കോടി പാഴാക്കിയെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ മേഖലയാണ് ഇതുവഴി തകർക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന് കൈമാറുന്ന തുകയുടെ 50 ശതമാനം മാത്രമെ 7 വർഷക്കാലമായി ചെലവഴിക്കുന്നുള്ളു. ഇ-ഗ്രാൻ്റുകള്‍ കൃത്യസമയത്ത് നല്‍കാത്തതിനാല്‍ 150-ഓളം എസ്‍സി, എസ്ടി വിദ്യാർത്ഥികള്‍ പഠനം അവസാനിപ്പിച്ചു. ഭീമമായ തുക പാഴാക്കുമ്പോള്‍ തുച്ഛമായ നിരക്കില്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന അക്കാദമിക് അലവൻസുകള്‍ (സ്റ്റൈപെൻ്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവ) വർദ്ധിപ്പിച്ചില്ലെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു .

സർക്കാർ ഹോസ്റ്റലുകള്‍ക്ക് 3500 രൂപ (എസ്.സി /എസ്.ടി.) സ്വകാര്യ സ്റ്റല്‍ 1500 രൂപ (എസ്.സി.), സ്വകാര്യ സ്റ്റല്‍ 3000 രൂപ (എസ്.ടി.) എന്നീ നിരക്കിലാണ് ഇപ്പോഴും നല്‍കുന്നത്. പ്രതിമാസം 6500- 7500 നിരക്കില്‍ ചിലവ് വരുമ്പോഴാണ് എസ്.സി./എസ് ടി. വിദ്യാർത്ഥികളോട് അനീതി കാട്ടുന്നത്. പ്രതിമാസം നല്‍കുന്ന സ്റ്റെപ്പൻ്റ് വർദ്ധിപ്പിച്ചില്ല. വർഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന ലംപ്‌സംഗ്രാൻ്റ് 10 ശതമാനം മാത്രം വർദ്ധിപ്പിച്ചു. സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന എല്ലാ ഗ്രാൻ്റുകളും അട്ടിമറിച്ചതായി സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

ഇ-ഗ്രാൻ്റുകള്‍ കുടിശികയില്ലാതെ കൊടുത്തു എന്ന മന്ത്രി ഒആർ കേളുവിൻ്റെ പ്രസ്‌താവന സത്യമല്ല. ‘കോളനി’ എന്ന പേര് മാറ്റി ‘ഉന്നതി’ എന്നാക്കിയതല്ലാതെ കേന്ദ്രസർക്കാർ ഭൂരഹിതർക്ക് നല്‍കാൻ കൈമാറിയ ഭൂമിപോലും (19000 ഏക്കർ) വിതരണം ചെയ്ത‌ിട്ടില്ല.

യു.ഡി.എഫിന് പിന്തുണ നല്‍കുന്നതോടൊപ്പം എസ്‍സി, എസ്ടി വികസനത്തിൻ്റെ മുൻഗണന നിശ്ചയിക്കാൻ ഒരു അവകാശപത്രിക മുന്നണികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എഡിഎഫ് നേതാക്കള്‍ പറഞ്ഞു. എസ്‍സി എസ്ടി ഫണ്ട് പാഴാക്കാതിരിക്കാൻ എസ്‍സി എസ്ടി ഫണ്ട് ആക്റ്റ് നടപ്പിലാക്കുക, ഭൂപ്രശ്‌നം പരിഹരിക്കുക, എയ്‌ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുക തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. യുഡിഎഫ് മുന്നണിക്ക് പിന്തുണ നല്‍കുന്ന തോടൊപ്പം സ്ഥാനാർത്ഥി നിർണയത്തില്‍ ദലിത് – ആദിവാസി ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ട പരിഗണന നല്‍കിയിട്ടില്ല എന്ന വിമർശനവുമുണ്ടെന്ന് എഡിഎഫ് വർക്കിങ് പ്രസിഡൻ്റ് അംബുജാക്ഷനും ജനറല്‍ കണ്‍വീനർ ഗീതാനന്ദനും പറഞ്ഞു.