
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് നല്‍കാൻ തീരുമാനിച്ചു.
ഏപ്രില്‍ 4 ശനിയാഴ്ച മുതല്‍ ഈ വിതരണം ആരംഭിക്കും. മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നല്‍കാനായിരുന്നു കേന്ദ്ര നിർദേശമെങ്കിലും റേഷൻ കടകളിലെ സ്റ്റോറേജ് പരിമിതി കണക്കിലെടുത്താണ് ഇത് രണ്ട് മാസമായി ചുരുക്കിയത്. ഏപ്രില്‍ വിഹിതം ഏപ്രില്‍ 4 മുതല്‍ 30 വരെയും, മേയ് വിഹിതം ഏപ്രില്‍ 4 മുതല്‍ മേയ് 30 വരെ വാങ്ങാം. ജൂണിലെ വിഹിതം സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് നേരത്തെ വിതരണം ചെയ്യുന്നത് പരിഗണനയിലാണ്.
മഞ്ഞക്കാർഡ് ഉള്ളവർക്ക് ഏപ്രില്‍ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ (30+30) അരിയും നാലുകിലോ (2+2) ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് (3+3) ആട്ട ഏഴുരൂപ നിരക്കിലും ലഭിക്കും പിങ്ക് കാർഡ് ഉള്ളവർക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ടുകിലോ (4+4) അരിയും രണ്ടുകിലോ (1+1) ഗോതമ്പും സൗജന്യമായി ലഭിക്കും. (നാല് അംഗങ്ങളുള്ള കാർഡിന് ഗോതമ്പിനു പകരം പരമാവധി എട്ടു പാക്കറ്റ് (4+4) ആട്ടയും അതില്‍ക്കൂടുതല്‍ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ (1+1) ഗോതമ്പു കൂടിയും ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീലക്കാർഡ് ഉള്ളവർക്ക് ഏപ്രില്‍മാസ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലുകിലോ (2+2) അരിവീതം കിലോയ്ക്ക് നാലുരൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളിലെ അധികവിഹിതമായി ആകെ അഞ്ചുകിലോ (2+3) അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതല്‍ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. വെള്ളക്കാർഡ് ഉള്ളവർക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ (6+4) അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതല്‍ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
ക്ഷേമസ്ഥാപന അന്തേവാസികള്‍ക്കുള്ള കാർഡ് ഉള്ളവർക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ നാലുകിലോ (2+2) അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി രണ്ടുകിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ വൈദ്യുതിയുള്ള വീടുകള്‍ക്ക് മഞ്ഞക്കാർഡിന് 1ലിറ്റർ മണ്ണെണ്ണയും മറ്റുള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും.



