
കോട്ടയം: കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും പ്രചാരണം ഒപ്പത്തിനൊപ്പം. ഒരു മുന്നണിക്കും തരംഗമില്ല. ബൂത്തിലെത്താന്‍ ഇനി എട്ടു ദിവസമുണ്ടെങ്കിലും പ്രചാരണത്തിന് അത്രയും ദിവസങ്ങളില്ല. ദുഃഖ വെള്ളിയും ഈസ്റ്ററും അടക്കം അവധി ദിവസങ്ങൾ പ്രചാരണത്തിന് തടസം സൃഷ്ടിക്കുന്നു.
എന്തായാലും പ്രചാരണം അവാസന ലാപ്പിലേക്ക് നീങ്ങുകയാണ്.. മൂന്നു മുന്നണികളും പ്രചാരണം ടോപ്പ് ഗിയറിലാക്കി ആവേശകരമായ പരിസമാപ്തിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്.
വമ്പന്‍ കൊട്ടിക്കാലശം നടത്തി വിജയം ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ വാര് റൂമുകളില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്.
വാശിയേറിയ പോരാട്ടം നടക്കുന്ന പാലാ, ചങ്ങനാശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി മണ്ഡലങ്ങളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വോട്ടെടുപ്പിന് എട്ടു ദിവസങ്ങള്‍ ഉണ്ടെങ്കിലും പരസ്യപ്രചാരണത്തിനു ചുരുങ്ങിയത് അഞ്ചില്‍ താഴെ ദിവസങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഏഴിനു വൈകുന്നേരമാണ് കൊട്ടിക്കലാശം. എട്ടിനു നിശബ്ദ പ്രചാരണ ദിവസമാണ്. നാളെ പെസഹാ വ്യാഴവും മൂന്നിനു ദുഃഖവെള്ളിയും അഞ്ചിന് ഈസ്റ്ററുമാണ്. ക്രൈസ്തവരുടെ ഈ വിശേഷ ദിവസങ്ങളില്‍ ഭൂരിഭാഗം സ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ചുള്ള പര്യടനം ഒഴിവാക്കിയേക്കും. പര്യടനത്തിന് അവധി നല്കുന്ന സ്ഥാനാര്‍ഥികളെല്ലാം ആരാധനാലയങ്ങളില്‍ സന്ദര്‍ശിക്കാനാണു സമയം കണ്ടെത്തുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ പരാമവധി വോട്ടര്‍മാരെ ഫോണില്‍ വിളിച്ചും വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ച് വോട്ടുകള്‍ ഉറപ്പിക്കാനാണു സ്ഥാനാര്‍ഥികള്‍ ശ്രമം നടത്തുന്നത്. ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തില്‍ യുഡിഎഫും സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ എല്‍ഡിഎഫും പ്രതീക്ഷവയ്ക്കുമ്പോള്‍ പതിവില്ലാതെ കൂടുതല്‍ മണ്ഡലങ്ങള്‍ ത്രികോണപ്പോരെന്ന പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് എന്‍ഡിഎയ്ക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാറിമറിഞ്ഞു പ്രചാരണ വിഷയങ്ങള്‍
പ്രചാരണ വിഷയങ്ങള്‍ മാറിമറിയുന്ന കാഴ്ചകളായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതലുണ്ടായത്. പ്രചാരണത്തിന്റെ തുടക്കത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയായിരുന്നു പ്രതിപക്ഷത്തിന്റെ വിഷയം. പിന്നീട് സിപിഎം- ബിജെപി ഡീലായി പ്രചാരണ വിഷയം. മുന്നണികള്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്ത്തിയിടത്തൊക്കെ ഡീലും പേയ്മെന്റ് സീറ്റും ചര്‍ച്ചയായി.
മുഖ്യമന്ത്രി- പ്രതിപക്ഷ നേതാവ് വാക്പോരിനൊടുവില്‍ ഇപ്പോള്‍ എഫ്സിആര്‍എ ബില്ലില്‍ എത്തിനില്‍ക്കുകയാണ് പ്രചാരണം. ബില്ലുമായി ബന്ധപ്പെട്ടു പ്രസതാവനകളുമായി സഭാ മേലധ്യക്ഷന്മാര് പരസ്യമായി രംഗത്തു വന്നതോടെ ഇവര്‍ക്കു പിന്തുണയുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി.
അതേസമയം ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെയാണ് പ്രചാരണം സമാപനത്തിലേക്കു നീങ്ങുന്നതെന്നും പരാതികളുണ്ട്. നെല്ല് സംഭരണ പ്രശ്നം പരിഹാരം കാണാതെ നീളുന്നു. രൂക്ഷമായ പാചകവാതക ക്ഷാമം സാധാരണക്കാരെ പിടിച്ചുലയ്ക്കുകയാണ്. ഹോട്ടലുകള്‍ അടച്ചുപൂട്ടിത്തുടങ്ങി. ഗ്യാസില്ലാത്തതിനാല്‍ ക്രിമെറ്റോറിയങ്ങളും അടച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നു. ഇതൊന്നും ചര്‍ച്ചയാകാതെ മറ്റ് വിഷയങ്ങള്‍ക്ക് പിറകേ പോകുന്നത് വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.
പ്രചാരണത്തില്‍ ഗ്ലാമറായി ജില്ല
മൂന്നു മുന്നണികളും പ്രചാരണത്തിനായി വിഐപികളെ രംഗത്തിറക്കിയതോടെ പ്രചാരണത്തില്‍ കൂടുതല്‍ ഗ്ലാമറായി ജില്ല. യുഡിഎഫ് ക്യാമ്പ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ എത്തിച്ചാണ് പ്രചാരണത്തില്‍ മുന്നിലെത്തിയത്. ഇന്നലെ ശശി തരൂര്‍ എംപിയും പ്രചാരണത്തിന് എത്തിയിരുന്നു. ഇടതു ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ രംഗത്തിറക്കിയപ്പോള്‍ ബിജെപി രംഗത്തിറക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. നാലിനാണ് പ്രധാനമന്ത്രി ജില്ലയിലെത്തുന്നത്.
അടിയൊഴുക്കില്‍ ആശങ്ക
ജില്ലയില്‍ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന പാലാ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്നാണ് മൂന്നു മുന്നണികളുടെയും കണക്കുകൂട്ടല്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം അഴിയൊഴുക്കുകള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയ, പരാജയത്തില്‍ നിര്‍ണായമാകും. രാഷ്ട്രീയത്തിനപ്പുറം സമുദായികമായ അഴിയൊഴുക്കുകളാണ് ചില മണ്ഡലത്തില്‍ നിര്‍ണായകമാകുന്നത്.
പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലുള്ള ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചാണ് പി.സി. ജോര്‍ജ്, മകന് ഷോണ്‍ ജോര്‍ജ്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് എന്നിവര്‍ മത്സരിക്കുന്നത്. പാലായില്‍ ഷോണ്‍ മണ്ഡലമാകെ ഇളക്കി മറിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ വ്യക്തിപ്രഭാവം വോട്ടായി മാറ്റാമെന്ന പ്രതീക്ഷയും ബിജെപി ക്യാമ്പിനുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രിക്കായി ചിട്ടയായ പ്രവര്‍ത്തനമാണ് എന്‍ഡിഎ ക്യാമ്പ് നടത്തുന്നത്.
പാലാ, കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലാണ് ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമാകുന്നത്.
ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും അവസാന നിമിഷം മത്സരം കടുപ്പമേറിയതായിരിക്കുകയാണ്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ ബിജെപി വോട്ടുകള്‍ നിര്‍ണായകമാണ്. കൂടാതെ സാമുദായിക വോട്ടുകളുടെ ഏകീകരണം ഒരു വശത്തുണ്ടാകുമ്പോള് മറുവശത്തും ഏകീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു സ്ഥാനാര്‍ഥിയുടെ ജയ, പരാജയത്തില്‍ നിര്‍ണായകമാകും. ചുരുക്കത്തില്‍ പല മണ്ഡലത്തിലും ഫലം പ്രവചനാതീതമായിരിക്കുകയാണ്.



