
കൊച്ചി: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയവുമായി ഇന്ത്യ. ഗ്രൂപ്പ് സി.യിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെയാണ് ഇന്ത്യ കീഴടക്കിയത്.
കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം. അരങ്ങേറ്റത്തിൽ ഇന്ത്യൻവംശജനായ റയാൻ വില്യംസ് ഗോളടിച്ച് ചരിത്രമെഴുതി.
ടൂർണമെന്റിൽ ഇന്ത്യ, യോഗ്യത നേടാൻകഴിയാതെ നേരത്തേ പുറത്തായിരുന്നു.മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഇരമ്പിയാർത്തു. ഹോങ്കോങ് പ്രതിരോധത്തെ കീറിമുറിച്ച് ഇന്ത്യ ലക്ഷ്യം കണ്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരങ്ങേറ്റത്തിൽ തന്നെ വലകുലുക്കി റയാൻ വില്യംസ് ആരാധകരെ ത്രസിപ്പിച്ചു. ഇന്ത്യയുടെ കിടിലൻ കൗണ്ടർ അറ്റാക്കിനൊടുക്കമാണ് ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിലേക്ക് കുതിച്ച മൻവീർ സിങ്, ഹോങ്കോങ് പ്രതിരോധനിരയെ മറികടന്ന് പന്ത് വലതുവിങ്ങിൽ നിന്ന് പോസ്റ്റിലേക്ക് നീട്ടി. റയാൻ വില്ല്യംസ് അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. അതോടെ ഇന്ത്യ തുടക്കത്തിൽ തന്നെ മുന്നിലെത്തി.
പിന്നീട് പലതവണ ഇന്ത്യൻ മുന്നേറ്റനിര ഹോങ്കോങ് പോസ്റ്റിലേക്ക് മുന്നേറി. പക്ഷേ ഗോൾ മാത്രം അകന്നു. പന്തടക്കത്തിലും ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ആദ്യ പകുതി 1-0 ന് അവസാനിച്ചു.
ആദ്യപകുതിയുടെ തുടക്കമെന്നപോലെ രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ വലകുലുക്കുന്നതാണ് കൊച്ചിയിൽ കണ്ടത്. രാഹുൽ ബെക്കെയുടെ ത്രോയിലാണ് ഗോൾ പിറന്നത്.
ത്രോയ്ക്ക് പിന്നാലെ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം പന്ത് ലഭിച്ച ആകാശ് മിശ്ര തകർപ്പൻ ഷോട്ടോടെ ലക്ഷ്യം കണ്ടു. അതോടെ ഇന്ത്യ രണ്ട് ഗോളിന് മുന്നിലായി. എന്നാൽ 65-ാം മിനിറ്റിൽ എവർട്ടണിലൂടെ ഹോങ്കോങ് തിരിച്ചടിച്ചു.അവസാനമിനിറ്റുകളിൽ ഹോങ്കോങ്ങിന്റെ ഗോൾശ്രമങ്ങൾ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചതോടെ ജയത്തോടെ മടങ്ങി.
അരങ്ങേറ്റത്തോടെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനായി റയാൻ മാറി. നേരത്തെ ജപ്പാനിൽ ജനിച്ച അരാത്ത ഇസുമി 2013-ൽ ഇന്ത്യക്കായി കളിച്ചിരുന്നു.
ഓസ്‌ട്രേലിയയിൽ ആണ് റയാൻ വില്യംസ് ജനിച്ചത്. നാലാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ഇന്ത്യക്കായി ഒരു അരങ്ങേറ്റക്കാരന്റെ വേഗതയേറിയ ഗോളെന്ന റെക്കോഡും റയാൻ വില്ല്യംസ് സ്വന്തമാക്കി.



