
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ‘ആഗ്രഹമുണ്ടെന്ന്’ അറിയിച്ച് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയാറെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ഒടുവിൽ, ഇറാനും യുഎസിനും ‘ഏതാണ്ട് ഒരേ ശബ്ദം’ ആയതോടെ എണ്ണവില താഴാൻ തുടങ്ങി. ഓഹരി വിപണികളും സ്വർണവിലയും കുതിച്ചുകയറ്റവും ആരംഭിച്ചു.
യുദ്ധം നിർത്താൻ ‘റെഡി’ എന്ന് ട്രംപും ഇറാനും വ്യക്തമാക്കിയതിന് പിന്നാലെ യുഎസ് ഓഹരി വിപണികൾ കുതിച്ചുകയറി. ഏഷ്യൻ, ഇന്ത്യൻ വിപണികൾക്കും ഇത് വലിയ ആവേശം പകരും. യുഎസിൽ ഡൗ ജോൺസ് മുന്നേറിയത് 1125 പോയിന്റാണ് (2.5%). എസ് ആൻഡ് പി500 സൂചിക 2.91%, നാസ്ഡാക് 3.81% എന്നിങ്ങനെയും മുന്നേറി.
∙ ടെക് നേട്ടം: യുദ്ധം തുടങ്ങിയതിൽപ്പിന്നെ സമ്മർദത്തിലായിരുന്ന എൻവിഡിയെ (+5.6%), മൈക്രോസോഫ്റ്റ് (+3.1%) തുടങ്ങിയ ടെക് കമ്പനികൾ നേട്ടം തിരിച്ചുപിടിച്ചതും ഓഹരി വിപണിക്ക് ഗുണം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
∙ എണ്ണ ഇടിവ്: യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന വിലയിരുത്തൽ എണ്ണവിലയെ താഴ്ത്തിയതും വിപണിക്ക് ആശ്വാസമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.18% താഴ്ന്ന് 104 ഡോളറിലാണ് രാവിലെയുള്ളത്. ഡബ്ല്യുടിഐ (യുഎസ് ക്രൂഡ്) വില 0.69% മാത്രം ഉയർന്ന് 102.1 ഡോളറിലും നിൽക്കുന്നു.
സ്വർണക്കയറ്റം: രാജ്യാന്തര സ്വർണവില പക്ഷേ, എണ്ണവില ഇടിവിന്റെയും ‘ഡിപ്-ബയിങ്ങിന്റെയും’ (സ്വർണവില കുറഞ്ഞതു മുതലെടുത്തുള്ള വാങ്ങിക്കൂട്ടൽ) കരുത്തിൽ കത്തിക്കയറി. രാവിലെയുള്ളത് 146.37 ഡോളർ ഉയർന്ന് ഔൺസിന് 4,674.12 ഡോളറിൽ. കേരളത്തിലും ഇന്ന് രാവിലെ വില കൂടുമെന്ന സൂചന ഇതു നൽകുന്നു.
ഇറാന്റെ കണ്ടിഷനുകളും ട്രംപിന്റെ വാദവും
അപ്പോഴും പക്ഷേ, ആശങ്കയുടെ കാർമേഘം പഴയപടി നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാന് ചില കണ്ടിഷനുകളുണ്ട്. അതൊക്കെ അംഗീകരിച്ചാലേ വെടിനിർത്തൂ. ഒന്ന്, ഇറാന്റെ അവകാശങ്ങളും പരമാധികാരവും അംഗീകരിക്കണം. രണ്ട്, ആക്രമണത്തിലൂടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. മൂന്ന്, ഇനിയും ആക്രമണമെന്നും പറഞ്ഞ് ഇറാന്റെ വഴിക്ക് വരരുത്.
ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് യുഎസിന്റെ ആവശ്യമല്ലെന്നും അതുപയോഗിക്കുന്ന രാജ്യങ്ങളാണ് അതിനായി ശ്രമിക്കേണ്ടതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘‘ഞങ്ങളുടെ സൈന്യം ദീർഘകാലം അവിടെ തുടരില്ല. ഇറാന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞു. ഇനി എന്തെങ്കിലും ശക്തി അവർക്ക് അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി തീർത്തശേഷം യുഎസ് സൈന്യം മടങ്ങും’’ – ട്രംപ് പറഞ്ഞു.
ആപ്പിളിനും മെറ്റയ്ക്കും ഇറാന്റെ ഭീഷണി
അതേസമയം, ഇനിയും ഇറാന്റെ നേതാക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയെ ആക്രമിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ഭീഷണി മുഴക്കി. എച്ച്പി, ഐബിഎം, ഇന്റൽ, ടെസ്ല, എൻവിഡിയ, ഓറക്കിൾ, ജെപി മോർഗൻ, ബോയിങ്, സിസ്കോ തുടങ്ങിയവയും ഇറാന്റെ പട്ടികയിലുണ്ട്. ഇറാനെതിരായ യുദ്ധത്തിന് സാങ്കേതികമായി ഉൾപ്പെടെ സഹായം നൽകുന്നത് ഈ കമ്പനികളാണെന്നാണ് ഐആർജിസിയുടെ ആരോപണം.



