
ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. അപ്പാർട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
ഇതറിഞ്ഞ ഭാര്യ 17ാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബെഡ് റൂം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പല തവണ മുട്ടിയിട്ടും തുറക്കാതായതോടെ അയല്‍ക്കാരെയും സെക്യൂരിറ്റിയെയും വിവരം അറിയിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ഭാനു ചന്ദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ ബിബി ഷാസിയ അതേ കെട്ടിടത്തിലെ 17-ാം നിലയില്‍ നിന്ന് ചാടി മരിച്ചു.
ഇരുവരും വിവാഹിതരായിട്ട് ഒമ്പത് വർഷമായി. മുമ്പ് ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹ ശേഷം ഇവർക്കിടയില്‍ പതിവായി തർക്കങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. തെലങ്കാനയിലെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


