
പാലാ: കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച എഫ് സി ആർ എ ഭേദഗതി ബില്ലും നിർദിഷ്ട ക്രിസ്ത്യൻ ലോ ബോർഡും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയാനാണ് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.അങ്ങനെയാണെങ്കിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണം.
എന്തു രാജ്യദ്രോഹ പ്രവർത്തനമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ മിഷണിമാർ ചെയ്തതെന്ന് ബിജെപി വ്യക്തമാക്കണം.ഇതേപോലെ തന്നെയാണ് ക്രിസ്ത്യൻ ലോ ബോർഡ് രൂപീകരിക്കാനുള്ള നീക്കവും കേന്ദ്രസർക്കാർ നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതപരമായ കാര്യങ്ങളിൽ ക്രൈസ്തവ സഭയ്ക്ക് സഭയുടെതായ നിയമങ്ങളുണ്ട്. ആദ്യ കുർബാന സ്വീകരണവും മാമോദീസയടക്കമുള്ള കൂദാശകളിൽ പോലും കൈകടത്താനുള്ള നീക്കമാണ് നടത്തുന്നത്.
ക്രൈസ്തവ അനുഷ്ഠാനങ്ങളിൽ സഭയുടെ നിയമങ്ങൾക്ക് പകരം ഒരു പൊതു നിയന്ത്രണവും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനുള്ളതെന്ന വ്യക്തമാണ്.
ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ബിജെപി സർക്കാർ വെള്ളം ചേർക്കുകയാണ്.
ക്രൈസ്തവ മിഷറിമാർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ തടയുക എന്ന ഏകലക്ഷ്യമാണ് ഈ നീക്കങ്ങളുടെയെല്ലാം പിന്നിലുള്ളത്. ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ മുകളിൽ ഉദ്യോഗസ്ഥ നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. ഈ നീക്കങ്ങൾ വിശ്വാസി സമൂഹം ശ്രദ്ധയോടെ വിലയിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.



