
ഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് 2021-ലെ ഐ.ടി.
നിയമത്തില്‍ വിപുലമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങള്‍ പ്രകാരം ഡിജിറ്റല്‍ ലോകത്തെ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് കടുത്ത നിരീക്ഷണാധികാരമാണ് ലഭിക്കുന്നത്. വാര്‍ത്തകളും വിശകലനങ്ങളും പങ്കുവെക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഇനി മുതല്‍ ‘വാര്‍ത്താ പ്രസാധകരായി’ കണക്കാക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതോടെ ഇവര്‍ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് കര്‍ശനമായി പാലിക്കാന്‍ ബാധ്യസ്ഥരാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ തടയാന്‍ കര്‍ശനമായ വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലുള്ളത്. എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവയില്‍ അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ലേബല്‍ നിര്‍ബന്ധമായും ചേര്‍ക്കണം. ഉപയോക്താക്കള്‍ക്ക് ഈ ലേബല്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത വിധം മെറ്റാഡാറ്റയില്‍ തന്നെ ഇത് ഉള്‍പ്പെടുത്തണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന എഐ ഉള്ളടക്കങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രത്യേക സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.
നിയമവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ കര്‍ശനമായ സമയപരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതോ ലൈംഗിക ചുവയുള്ളതോ ആയ പോസ്റ്റുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യണം. രാജ്യത്തിന്റെ പരമാധികാരത്തെയോ പൊതു ക്രമത്തെയോ ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നടപടിയെടുക്കേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമലംഘനം നടത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെച്ച ഉപയോക്താവിന്റെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കായി കുറഞ്ഞത് 180 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ ഇടങ്ങളില്‍ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമങ്ങള്‍ വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. വാര്‍ത്താപരമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നവര്‍ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് പാലിക്കണം, എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ കൃത്യമായ ലേബലിംഗ് ഉറപ്പാക്കണം-ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം (നിയമപരമായ പരിരക്ഷ) നഷ്ടമാകും. പൊതുജനങ്ങള്‍ക്ക് പുതിയ കരട് നിയമത്തിന്മേല്‍ ഏപ്രില്‍ 14 വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഡിജിറ്റല്‍ ഇടങ്ങളില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ഇത് ക്രിയേറ്റര്‍മാരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ ബാധിക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (IFF) അടക്കമുള്ള സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.



