
ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനില്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടതായി സൂചന. മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരില്‍ ഒരാളാണ് താഹിർ.
ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരപ്രവർത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു താഹിർ. പാകിസ്ഥാനിലെ ജാമിയ മസ്‌ജിദ് ഉസ്‌മാൻ വാലിയില്‍ താഹിറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നുവെന്നാണ് സൂചന. മരണകാരണം വ്യക്തമല്ല.
ഓപ്പറേഷൻ സിന്ദൂറില്‍ മസൂദിന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു.യുഎൻ സുരക്ഷാ കൗണ്‍സില്‍ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മസൂദ് അസർ 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബയ് ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തയ്യാറായി ആയിരത്തിലേറെ ചാവേർ ബോംബർമാർ തന്റെ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മസൂദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശം ജനുവരിയില്‍ പുറത്തുവന്നിരുന്നു. മസൂദ് അസർ പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും സഹായത്തോടെ സുരക്ഷിത താവളത്തിലുണ്ടെന്നാന്ന് ഇന്റലിജൻസ് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നത്.



