
കോട്ടയം: യുഡിഎഫ് അധികാരത്തിൽ വന്നാൽ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും പടിപടിയായി 300 രൂപയിൽ എത്തിക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
പാമ്പാടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് രാഹുല്‍ ഗാന്ധി ഇന്നു രാവിലെയാണ് കേരളത്തില്‍ എത്തിയത്.
പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് പൊതുയോഗത്തിന് ശേഷമാണ് പാമ്പാടിയിൽ എത്തിയത്. പാമ്പാടിയില്‍ നടന്ന പരിപാടിയില്‍ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിലെ എംഎല്‍എയുമായിരുന്ന ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചാണ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.
തൻറെ അനാരോഗ്യം പോലും വകവെയ്ക്കാതെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്‍റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ്. അദ്ദേത്തിന്റെ മണ്ഡലത്തില്‍ താൻ നിർബന്ധമായും പ്രചാരണത്തിന് എത്തേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിലേറിയാല്‍ നടപ്പിലാക്കാൻ പോകുന്ന ആദ്യത്തെ കാര്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 10 വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത് സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അധികാരത്തിലേറിയാല്‍ യു ഡി എഫ് സർക്കാർ കൈക്കൊള്ളുന്ന ആദ്യ തീരുമാനം റബർ താങ്ങുവില വർധിപ്പിക്കുന്നതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഘട്ടംഘട്ടമായി 300 രൂപയിലേക്ക് റബർ താങ്ങുവില ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താൻ സ്വപ്നം കാണുന്നുണ്ടെന്നും വനിതാ ശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി വിമർശിക്കുകയും ചെയ്തു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കള്‍ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു.
പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികള്‍ ചോദ്യം ചെയ്യാത്തത് കേരളത്തില്‍ എല്‍ ഡി എഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോണ്‍ഗ്രസിന് മാത്രമേ ബി ജെ പിയെയും എല്‍ ഡി എഫിനെയും നേരിടാൻ കഴിയൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയുംരാഹുല്‍ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യൻ കർഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡോണള്‍ഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും ആയിരുന്നു രാഹുലിന്റെ പരിഹാസം.
അദാനി അമേരിക്കയിലേക്ക് പോയാല്‍ പിടിച്ച് അകത്തിടുമെന്ന സ്ഥിതിയാണെന്നും ബി ജെ പിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരുന്ന നാളുകളില്‍ ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



