
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിൽ ഡല്‍ഹി അതിർത്തിയില്‍ വെച്ചാണ് ഇയാൾ പിടിയിലായത്.
ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോണ്‍ ആണ് അറസ്റ്റിലായത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പ്രവർത്തനം.
മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളില്‍ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ. ലഷ്‌കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാള്‍ക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പാകിസ്ഥാന്റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങള്‍ക്കാണ് പദ്ധതിയിട്ടിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതാദ്യമായല്ല ഷബീർ പിടിയിലാകുന്നത്. 2007ല്‍ എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലായത്. 2018-വരെ തിഹാർ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി ബംഗ്ലാദേശില്‍ തിരിച്ചെത്തി.
ശേഷം ലഷ്‌കർ ശൃംഖലകള്‍ പുനർനിർമ്മിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്‌കർ ബന്ധമുള്ള മോഡ്യുളുകളെ സുരക്ഷാ ഏജൻസികള്‍ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷബീറിന്റെ അറസ്റ്റ്.
ഇയാളുടെ പക്കല്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചാനലുകള്‍, ഫണ്ടിംഗ് നടന്ന വഴികള്‍, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി കേന്ദ്ര ഏജൻസികള്‍ ചോദ്യം ചെയ്തു വരികയാണ്.



