
കോഴിക്കോട്: ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സമസ്തയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാട് തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തി. ജനറല്‍ സീറ്റുകളില്‍ മുസ്ലിം വനിതകള്‍ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാടിനെ തള്ളിയ അദ്ദേഹം, സ്ത്രീകളെ പൂർണ്ണമായും മാറ്റിനിർത്തുന്നത് പൊതുസമൂഹത്തില്‍ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങള്‍ രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്നും, ലീഗിനോട് ചേർന്നുനിന്നുള്ള ഗുണപരമായ വിമർശനങ്ങളെ മാത്രമേ അംഗീകരിക്കാനാവൂ എന്നും നാസർ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
നാസർ ഫൈസിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറല്‍ സീറ്റും സ്ത്രീ സ്ഥാനാർത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്. മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം. തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തില്‍ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേർന്ന് നില്ക്കുമ്പോള് ! അല്ലെങ്കില്‍ ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെ വേണം. എല്ലാ പാർട്ടിയോടും സമീപനം ഒരുപോലെയാണെങ്കില്‍ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാർമ്മിക വിഷയങ്ങളില്‍ ബന്ധപ്പെട്ടവർക്ക് ലീഗിനെ ഉപദേശിക്കാം, അത് ലീഗിനോട് ചേർന്നു കൊണ്ടാവണം.



