
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ പൗരന്മാരും ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംവദന്തികള്‍ക്ക് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭരണകൂടത്തിന്റെ നിർദേശങ്ങള്‍ മാത്രം പാലിക്കണമെന്നും തന്റെ 132ാം ‘മൻ കി ബാത്ത്’ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
“ഒരു മാസത്തിലേറെയായി നമ്മുടെ അയല്‍പ്പക്കത്ത് യുദ്ധം നടക്കുകയാണ്. ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇത് പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളോടെ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ആഗോളതലത്തില്‍ എണ്ണ വിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ വെല്ലുവിളി മറികടക്കാൻ നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് രാജ്യത്തെ 140 കോടി പൗരന്മാരോടും ഞാൻ അഭ്യർഥിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിംവദന്തികളില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്ന് എന്റെ എല്ലാ സഹപൗരന്മാരോടും ഞാൻ അഭ്യർഥിർക്കുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രസ്താവനകളില്‍ നിന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണം”, പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദിയറിയിച്ചു. പശ്ചിമേഷ്യൻ മേഖലയില്‍ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നല്‍കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കാണിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



